താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടു
സിദ്ദിഖ് “അമ്മ’ ജനറൽ സെക്രട്ടറി
താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘനാളായി ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു മത്സരരംഗത്തുനിന്നു പിന്‍വാങ്ങിയതോടെയാണ് രണ്ടു പതിറ്റാണ്ടിനു ശേഷം അമ്മയ്ക്ക് മറ്റൊരു ജനറല്‍ സെക്രട്ടറിയെ ലഭിക്കുന്നത്. പ്രസിഡന്റെയി മോഹന്‍ലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. കലൂര്‍ ഗോകുലം കണ്വൻഷന് സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 157 വോട്ട് നേടിയാണ് സിദ്ദിഖിന്റെ ജയം.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു സിദ്ദിഖിനെക്കൂടാതെ മത്സരിച്ച കുക്കു പരമേശ്വരന് 123 വോട്ടും ഉണ്ണി ശിവപാൽ 33 വോട്ടുമാണ് നേടിയത്. ജോയിന്റ് സെക്രട്ടറിയായി അനൂപ് ചന്ദ്രനെതിരേ മത്സരിച്ച ബാബുരാജ് തെരഞ്ഞെടുക്കപ്പെട്ടു. 198 വോട്ടാണ് ബാബുരാജിനു ലഭിച്ചത്. അനൂപ് ചന്ദ്രന് 128 വോട്ടുകളാണ് ലഭിച്ചത്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ജഗദീഷ് (245), ജയന് ചേര്‍ത്തല (215)എന്നിവർ തെരഞ്ഞടുക്കപ്പെട്ടു. ഒപ്പം മത്സരിച്ച മഞ്ജുപിള്ളയ്ക്ക് 137 വോട്ടുകളാണ് നേടാനായത്. അനന്യ, കലാഭവന്‍ ഷാജോണ്‍, സരയു, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവീനോ തോമസ്, അന്‍സിബ ഹസന്, ജോയ് മാത്യു, വിനു മോഹന്‍ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 12 പേരാണു മത്സരിച്ചത്. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവര്‍ പരാജയപ്പെട്ടു. അമ്മയുടെ ഭരണഘടനയനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളിൽ നാലു പേര് സ്ത്രീകളായിരിക്കണം. എന്നാല്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച കുക്കു പരമേശ്വരനും വൈസ് പ്രസിഡന്റായി മത്സരിച്ച മഞ്ജുപിള്ളയും പരാജയപ്പെട്ടതോടെ ഒരു സ്ത്രീയെക്കൂടി പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കാന്‍ യോഗം തീരുമാനിച്ചു. ഇതിലേക്ക് കുക്കു പരമേശ്വരനും മഞ്ജുപിള്ളയ്ക്കും വേണ്ടി വാദമുയര്‍ന്നു. ഒടുവില്‍ പുതിയ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന ശേഷം ഇവരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ തീരുമാനമായി. 506 അംഗങ്ങളാണ് അമ്മയിലുള്ളത്. 336 പേര് വോട്ട് രേഖപ്പെടുത്തി. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ 2018ലാണ് മോഹന്‍ലാല്‍ ആദ്യം എതിരില്ലാതെ പ്രസിഡന്റായത്. തുടര്‍ന്ന് രണ്ട് ടേമിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഭരണസമിതിയിലെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായിരുന്ന ശ്വേത മേനോന്, മണിയന്‍പിള്ള രാജു, ട്രഷറര്‍ ജയസൂര്യ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുധീര്‍ കരമന, ലെന, രചന നാരായണന്‍കുട്ടി, ലാല്‍, വിജയ്ബാബു എന്നിവര്‍ മത്സരിച്ചില്ല. വാര്‍ഷിക പൊതുയോഗത്തില്‍ നടന് ഇന്ദ്രന്‍സ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ എന്നിവര്‍ക്കു സ്വീകരണം നല്കി. മമ്മൂട്ടി വിദേശത്തായതിനാല്‍ യോഗത്തിനെത്തിയില്ല.