തിരഞ്ഞെടുപ്പ് ഫലം.110 സീറ്റുകളിൽ യുഡിഎഫിന് മേൽക്കൈ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മിന് വലിയ ആഘാതമാണ് നൽകിയത്. 2019ൽ സംസ്ഥാനത്ത് പാർട്ടി ആരെ ജയിച്ചത് ആലപ്പുഴയിൽ മാത്രമായിരുന്നു. എന്നാൽ, ഇക്കുറി ആലപ്പുഴ മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസ് കഴിഞ്ഞ തവണ വിജയിച്ച ആലത്തൂർ പിടിച്ചെടുത്ത് ആ നാണക്കേട് ഒഴിവാക്കിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലം തിരിച്ചുള്ള വോട്ടുകളുടെ കണക്കുകൾ ഇടത് ക്യാമ്പുകളെ അമ്പരപ്പിച്ചിരിക്കുകയാണ്. മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ നിയമസഭാ മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർത്ഥികൾ പിന്നിൽ പോയി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികൾക്കും നിയമസഭാ മണ്ഡലം അടിസ്ഥാനപ്പെടുത്തി ലഭിച്ച വോട്ടുകൾ പരിശോധിച്ചാൽ യുഡിഎഫ് 110 നിയമസഭാ മണ്ഡലങ്ങളിൽ വിജയിച്ചിട്ടുണ്ട്. ബിജെപിയാകട്ടെ 11 നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടി അധികാരം നിലനിർത്തിയ ഇടത് മുന്നണിയാകട്ടെ വെറും 19 നിയമസഭാ മണ്ഡലങ്ങളിൽ മാത്രമാണ് മുന്നിലെത്തിയത്. അതിൽ തന്നെ സിപിഎമ്മിന്റെ 13 മണ്ഡലങ്ങളാണുള്ളത്. ബാക്കി 6 മണ്ഡലങ്ങൾ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ മത്സരിച്ച് ജയിക്കുന്ന മണ്ഡലങ്ങളാണ്.
മന്ത്രിമാരുടെ മണ്ഡലത്തിലടക്കം ഇത്തവണയും യുഡിഎഫ് ഭൂരിപക്ഷംനേടി. മുഖ്യമന്ത്രി പിണറായി വിജയൻ അരലക്ഷം വോട്ടിന് വിജയിച്ച ധർമടത്ത് ഇത്തവണ എൽഡിഎഫിന് 2616 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത്. 11 നിയമസഭാ സീറ്റുകളിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തിയതിന് പുറമെ തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ് എന്നീ എട്ട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും എത്താനായി. ബിജെപി ഒന്നാമതെത്തിയ 11 മണ്ഡലങ്ങളും എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതിൽ മന്ത്രിമാരായ കെ.രാജന്റെ ഒല്ലൂർ, വി.ശിവൻകുട്ടിയുടെ നേമം, ആർ.ബിന്ദുവിന്റെ ഇരിഞ്ഞാലക്കുടയും ഉൾപ്പെടുന്നുവെന്നത് ഇടതുപക്ഷത്തിനെ ഞെട്ടിച്ചിട്ടുണ്ട്.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യമാകില്ല നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തേതെന്നാണ് ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്