ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് മരിച്ചതായി സ്ഥിരീകരണം വന്നത്. പ്രസിഡന്റ് റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു.
പ്രവിശ്യാ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഹെലികോപ്റ്റിൽ റെയ്സിക്ക് ഒപ്പമുണ്ടായിരുന്നു. ഇവരെല്ലാം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 3 ഹെലികോപ്റ്ററുകളാണ് പ്രസിഡന്റിന്റെ യാത്രാസംഘത്തിലുണ്ടായിരുന്നത്. മറ്റു 2 ഹെലികോപ്റ്ററുകളും സുരക്ഷിതമാണെന്നാണു വിവരം. ഇറാൻ–അസർബൈജാൻ അതിർത്തിയിൽ ഇന്നലെ ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനത്തിനായാണു റെയ്സി എത്തിയത്. അസർബൈജാൻ പ്രസിഡന്റ് ഇൽഹഹം അലിയേവും പങ്കെടുത്തിരുന്നു.
ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ൽ ഇറാൻ പ്രസിഡന്റായ റെയ്സി, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വത്സലശിഷ്യനും അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവുമാണ്. ആണവ വിഷയത്തിൽ പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന ഇറാൻ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ പുതിയവ വാങ്ങുന്നതിനും അവയുടെ അറ്റകുറ്റപ്പണിക്കുള്ള ഭാഗങ്ങൾ സംഘടിപ്പിക്കുന്നതിനും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇറാൻ സൈന്യത്തിന്റെ പക്കലുള്ള പല വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലഹരണപ്പെട്ടതാണ്.
ഗാസ യുദ്ധംമൂലം കലുഷിതമായ മധ്യപൂർവദേശ മേഖലയിൽ പ്രധാന ശക്തിയാണ് ഇറാൻ. ഇസ്രയേലിനെതിരെ പോരാടുന്ന ഗാസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാൻ ശക്തമായ പിന്തുണയാണു നൽകുന്നത്.