പയ്യന്നൂര്‍ നഗരത്തിലെ സ്‌കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരേ കളളന്‍ തന്നെ നാലുതവണ കയറിയെന്ന് സിസിടിവി ദൃശ്യങ്ങല്‍
കണ്ണൂര്‍: പയ്യന്നൂര്‍ നഗരത്തിലെ സ്‌കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരേ കളളന്‍ തന്നെ നാലുതവണ കയറിയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. ഇതോടെ തുടര്‍ച്ചയായി തങ്ങളുടെ കടമാത്രം ലക്ഷ്യം വയ്ക്കുന്ന കളളനെക്കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ. നാലാംതവണയും സൂപ്പര്‍മാര്‍ക്കറ്റില്‍ യാതൊരു കൂസലലുമില്ലാതെ കയറി കളളനെ പിടികൂടാന്‍ കഴിയാത്തത് പോലീസിനും നാണക്കേടായിട്ടുണ്ട്.കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇവിടെ കളളന്‍ അവസാനമായി കയറിയത്. കെട്ടിടത്തിന്റെ ഷീറ്റും സീലിങും തകര്‍ത്ത് മുകളിലൂടെ താഴേക്ക് ഇറങ്ങുകയായിരുന്നു . ഇതിനുശേഷം നടത്തിയ തെരച്ചിലില്‍ ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന ഇരുപത്തിയഞ്ചായിരം രൂപ കവര്‍ന്നു. ഇവിടെ ചില്ലുകൂട്ടിലുണ്ടായിരുന്ന പെര്‍ഫ്യൂമുകളും ഷാംപു ഐറ്റങ്ങളുമുള്‍പ്പെടെ വാരിക്കൂട്ടി സഞ്ചിയിലാക്കി.കൂള്‍ ഡ്രിങ്ക്‌സ് കൗണ്ടറിലിരുന്ന് സി.സി.ടി.വി ക്യാമറ നോക്കി പോസ് ചെയ്തു കൂള്‍ഡ്രിങ്ക്‌സ് കുടിച്ചാണ് ഇയാള്‍ പുറത്തേക്ക് മോഷണമുതലുമായി പോയത്. പിറ്റേ ദിവസം കവര്‍ച്ച നടന്നുവെന്ന് വ്യക്തമായ ജീവനക്കാര്‍ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പഴയ കളളന്‍ തന്നെയാണ് വീണ്ടും കയറിയതെന്നു മനസിലായത്. എന്നാല്‍ ഇത്തവണ സൂപ്പര്‍മാര്‍ക്കറ്റിന് അകത്തേക്കുകയറിയതില്‍ മാറ്റമുണ്ടായിട്ടുണ്ട്. നേരത്തെ വെന്‍ഡിലേറ്റര്‍ ഇളക്കി മാറ്റിയായിരുന്നു കടയിലേക്ക് കയറിയത്. എന്നാല്‍ ഇതു തടയുന്നതിനായി വെന്‍ഡിലേറ്റ് ഭാഗം ഭദ്രമായി അടച്ചിരുന്നു. ഇതോടെ മോഷ്ടാവ് പുതുവഴി സ്വീകരിക്കുകയായിരുന്നു. മുകളിലെ ഷീറ്റിളക്കി മാറ്റിയാണ് ഏറ്റവും ഒടുവില്‍ സൂപ്പര്‍മാര്‍ക്കറ്റിന് അകത്തേക്ക് കടന്നത്. സ്ഥിരം മോഷ്‌ടാവിനെ തിരിച്ചറിഞ്ഞിട്ടും പയ്യന്നൂര്‍ പോലീസിന് ഇതുവരെ പിടികൂടാന്‍ കഴിയാത്തത് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒന്നേ മുക്കാലിനും മൂന്നേകാലിനും ഇടയിലാണ് കവര്‍ച്ച നടന്നത്. ആലക്കോട് പാലക്കോടന്‍ വീട്ടില്‍ പി മഹമൂദിന്റെ ഉടമസ്ഥതയിലുളളതാണ് സ്‌കൈപ്പര്‍മാര്‍ക്കറ്റ്. ഇവിടെ നിന്നും പണവും സാധനങ്ങളുമടക്കം അരലക്ഷത്തിന്റെ നഷ്‌ടമുണ്ടായതായി ഉടമ പോലീസിൽ നല്‍കിയ പരാതിയില്‍ പറഞ്ഞു.