കോടതി ഉത്തരവിന് പിന്നാലെ ഹൈറിച്ച് ഉടമകളുടെ 200 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളുമായി തൃശൂര്‍ ജില്ലാ ഭരണകൂടം

Spread the love

തൃശ്ശൂര്‍: സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് ആളുകളില്‍ നിന്നായി കോടികള്‍ തട്ടിയ ഹൈറിച്ചിനെതിരേ നടപടികള്‍ വേഗത്തിലാക്കി. കോടതി ഉത്തരവിന് പിന്നാലെ ഹൈറിച്ച് ഉടമകളുടെ 200 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ തൃശൂര്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു.

പലചരക്ക് കച്ചവടത്തിന്റെ മറവില്‍ ജനങ്ങളെ വഞ്ചിച്ച് ഹൈറിച്ച് ഗ്രൂപ്പ് നടത്തിയത് അനധികൃത മണിചെയിന്‍ ഇടപാടാണെന്ന് കോടതി കണ്ടെത്തിയിരുന്നു. രാജ്യവ്യാപക വേരുകളുള്ള ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ തീരുമാനവും ഉടനുണ്ടാകും.

സാമ്പത്തിക തട്ടിപ്പ് കേസില്‍ താല്‍കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത ജില്ലാ കലക്ടറുടെ നടപടി തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസമാണ് ശരിവച്ചത്. ‘ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി’ നടത്തിയത് ഗുരുതരമായ നിയമലംഘനമെന്ന് കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ വഴിയുള്ള പലചരക്ക് കച്ചവടമെന്ന വ്യാജേനയാണ് പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചത്. എന്നാല്‍ നടന്നത് അനധികൃത പണമിടപാട് പദ്ധതിയാണെന്ന ജില്ലാ കലക്ടറുടെ കണ്ടെത്തല്‍ കോടതി ശരിവെച്ചു. അമ്പരപ്പിക്കുന്ന കമ്മീഷന്‍ വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ പദ്ധതിയിലേക്ക് ആകര്‍ഷിച്ചത്. ഈ വാഗ്ദാനത്തിലും ഉടമകളുടെ വാഗ്‌ധോരണിയിലും വീണാണ് സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പദ്ധതിയില്‍ നിക്ഷേപിച്ചത്. ഹൈറിച്ച് ഉടമകള്‍ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളി.

മണിചെയിന്‍ ഇടപാടുകളല്ല പലചരക്ക് കച്ചവടമാണ് നടത്തുന്നതെന്നായിരുന്നു ഹൈറിച്ചിന്റെ പ്രധാന വാദം. അംഗങ്ങള്‍ നിക്ഷേപിച്ച പണം പചലരക്ക് ഉല്‍പനങ്ങള്‍ വാങ്ങാനുള്ള അഡ്വാന്‍സാണെന്ന വാദവും കോടതി തള്ളി.

കണ്ടുക്കെട്ടിയ 200 കോടിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യുകയോ വില്‍പന നടത്തുകയോ ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. സൂപ്പര്‍മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ഉടമകളുടെ ആവശ്യവും കോടതി തള്ളി. മണിചെയിന്‍ മാതൃകയില്‍ മാത്രം ഒന്നരകോടി അംഗങ്ങളില്‍ നിന്നായി 750 കോടിയിലേറെ രൂപയാണ ഹൈറിച്ച് സമാഹരിച്ചത്. ഒടിടി, ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളില്‍ ഉള്‍പ്പെടെ ഹൈറിച്ച് സമാഹരിച്ചത് 3100 കോടിയിലേറെ രൂപയാണ്.

നേരത്തേ സമാനമായ തട്ടിപ്പില്‍ ആരോപണം നേരിട്ടവരാണ് ഹൈറിച്ച് ഉടമകള്‍. കുടുങ്ങുമ്പോള്‍ അല്‍പ്പ കാലത്തിന് ശേഷം പുതി പേരിലും രൂപത്തിലും വരുന്നതാണ് ഇത്തരക്കാരുടെ രീതി. വന്‍ലാഭ വാഗ്ദാത്തില്‍ പ്രലോഭിതരാതി നിക്ഷേപകര്‍ ഇതില്‍ വീഴുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *