കണ്ണൂര്‍ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. വണ്ടിയോടിച്ച കാസര്‍കോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പത്മകുമാര്‍ (59), യാത്ര ചെയ്ത കാസര്‍കോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരന്‍ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂര്‍ കൊഴുമ്മല്‍ കൃഷ്ണന്‍ (65) അജിതയുടെ സഹോദരന്‍ അജിത്തിന്റെ മകന്‍ ആകാശ് (9) എന്നിവരാണു മരിച്ചത്. (Five dead after car collides with gas tanker in Kannur )
മൂന്നുപേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരണപ്പെട്ടത്. പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പുന്നച്ചേരി പെട്രോള്‍ പമ്പിനു സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. കാര്‍ ലോറിയുടെ മുന്‍വശത്ത് ഇടിച്ച് ബോണറ്റ് ഉള്‍പ്പെടെ ലോറിക്ക് അടിയിലേക്കു കയറിയ നിലയിലായിരുന്നു.