ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം ഇടയ്ക്കുവച്ച് നിർത്തിവച്ചു
തൃശ്ശൂർ: ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം ഇടയ്ക്കുവച്ച് നിർത്തിവച്ചു. തിരുവമ്പാടി ദേവസ്വമാണ് രാത്രിപൂരത്തിനിടെ പൂരം നിർത്തിവച്ചത്. പൂരം കാണാനെത്തിയ ജനങ്ങൾക്കുനേരേ പൊലീസ് ബലപ്രയോഗം നടത്തിയതോടെയാണ് തിരുവമ്പാടി ദേവസ്വം പൂരം അവസാനിപ്പിച്ച് പ്രതിഷേധിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം.
പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പ് പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ഒരാനയെയും ഏതാനും മേളക്കാരെയും മാത്രം കടത്തിവിട്ടതും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇന്നലെയും കമ്മിഷണറുടെ നേതൃത്വത്തിൽ മഠത്തിൽ വരവിലടക്കം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പൂരപ്രേമികളെ പിടിച്ചു തള്ളുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയിൽ എഴുന്നള്ളിപ്പിനിടെ വാദ്യക്കാരെയും ആനകളെയും തടഞ്ഞതാണു വീണ്ടും പ്രശ്നമായത്. പൂരം വെടിക്കെട്ടിനു വേണ്ടി ഒരുക്കിയ ബാരിക്കേഡാണിത്. തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതോടെ വെടിക്കെട്ടിന്റെ കാര്യവും അനിശ്ചിതത്വത്തിലായി.
തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും തിരുവമ്പാടി വിഭാഗവുമായി ചർച്ചകൾ നടത്തി. വെടിക്കെട്ട് നടത്തുമെന്നും എന്നാൽ എപ്പോൾ നടത്താൻ കഴിയുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും പുലർച്ചെ അഞ്ച് മണിയോടെ വാർത്താസമ്മേളനത്തിൽ തിരുവമ്പാടി വിഭാഗം അറിയിച്ചു. ചിലപ്പോൾ ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമാകും നടത്താൻ സാധിക്കുക. ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തി സമയം തീരുമാനിക്കുമെന്നും തിരുവമ്പാടി വിഭാഗം അറിയിച്ചു. പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.