ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ജീവനക്കാരി ആൻ ടെസ ജോസഫ് കോട്ടയത്തെ വീട്ടിലെത്തി
ആൻ ടെസ ജോസഫ് കോട്ടയത്തെ വീട്ടിലെത്തി
കോട്ടയം: ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ജീവനക്കാരി ആൻ ടെസ ജോസഫ് കോട്ടയത്തെ വീട്ടിലെത്തി. തൃശൂർ വെളുത്തൂർ സ്വദേശികളും വാഴൂരിൽ താമസക്കാരുമായ പുതുമന വീട്ടിൽ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകളായ ആൻ ഇന്നലെ രാത്രി 7.30 ഓടെയാണ് വാഴൂരിലെ പുതിയ വീട്ടിലെത്തിയത്. വികാരനിർഭരമായ രംഗങ്ങളായിരുന്നു വീട്ടിൽ കണ്ടത്.ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി നിരവധി പേരാണ് ആൻ വരുന്നതുംകാത്ത് വീട്ടിലുണ്ടായിരുന്നത്. തിരികെ വീട്ടിലെത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ആൻ പ്രതികരിച്ചു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്നും ആൻ പറഞ്ഞു. കപ്പൽ പിടിച്ചെടുത്തവർ ജീവനക്കാരോട് മാന്യമായാണ് പെരുമാറിയത്. ഭക്ഷണം പാകം ചെയ്യാനടക്കം അനുവദിച്ചിരുന്നു. ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ആൻ പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് ആൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്.വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു. ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എം.എസ്.സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒമ്പതു മാസമായി കപ്പലില്‍ ജോലിയിലായിരുന്നു. ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയിലെ പഠനശേഷമാണ് പരിശീലനത്തിന് ജോലിക്ക് കയറിയത്. കിഞ്ഞ ശനിയാഴ്ചയാണ് ആനിൻ്റെ കോട്ടയത്തെ വീട്ടിലേക്ക് താമസമാക്കിയത്. അടുത്ത ദിവസം പുതിയ വീട്ടിലേക്ക് എത്തുന്ന ആനിനെ കാത്തിരിക്കുന്നതിനിടെയാണ് കപ്പൽ പിടിച്ചെടുത്തെന്ന വിവരം കുടുംബം അറിയുന്നത്. കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. ഇതിൽ നാല് മലയാളികൾ ഉൾപ്പടെ 17 ഇന്ത്യക്കാരാണ് ഉള്ളത്. ഇന്ത്യക്കാരിൽ മറ്റ് പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് (31), തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികൾ. ഇസ്റാഈലുമായുള്ള സംഘർഷത്തെ തുടർന്നാണ് ഇറാൻ കമാൻഡോകൾ കപ്പൽ പിടിച്ചെടുത്തത്. ഇസ്റാഈൽ ശതകോടീശ്വരൻ ഇയാൽ ഓഫറിൻ്റെ സൊഡിയാക് ഗ്രൂപ്പിൻ്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്.