ഓടുന്ന ബൈക്കിന് തീ പിടിച്ച് ബസ് ഡ്രൈവർ വെന്തുമരിച്ചു
കുമളി: ഓടുന്ന ബൈക്കിന് തീ പിടിച്ച് ബസ് ഡ്രൈവർ വെന്തുമരിച്ചു. അണക്കര കളങ്ങരയില്‍ എബ്രഹാം (തങ്കച്ചന്, 50) ആണ് മരിച്ചത്. തീ പിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് എബ്രഹാമിന് ഗുരുതരമായി പൊള്ളലേറ്റത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം.
സ്വകാര്യ ബസ് ഡ്രൈവറായ എബ്രഹാം രാവിലെ ബൈക്കില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അണക്കര ഏഴാംമൈലിലെ ഇറക്കത്തില്‍വെച്ച് ബൈക്കിന് തീ പിടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് ഇയാളുടെ വസ്ത്രത്തിലേക്ക് തീ വേഗത്തില്‍ പടര്‍ന്നുകയറുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ പാടത്തിലേക്ക് പ്രാണരക്ഷാര്‍ഥം ഓടുന്നതിടെ തീ ശരീരത്തില്‍ മുഴുവന്‍ പടരുകയുംചെയ്തു.
ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ അല്പം വൈകിയാണ് സമീപവാസികള്‍ പോലും അപകടവിവരം അറിഞ്ഞത്. കുമളി പോലിസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.