പേരാമ്പ്ര നൊച്ചാട്ട് യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മലപ്പുറം സ്വദേശി പിടിയില്‍
കോഴിക്കോട് :പേരാമ്പ്ര നൊച്ചാട്ട് യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീച്ചതിനു പിന്നാലെ മലപ്പുറം സ്വദേശി പിടിയില്‍. ഇയാള്‍ യുവതിക്ക് ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ ശേഷം തോട്ടില്‍ തള്ളിയിട്ടു കൊലപ്പെടുത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. നേരത്തെ ബലാത്സംഗ കേസില്‍ പ്രതിയാണ് ഇയാള്‍. മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തിരക്കിട്ടു പോവുകയായിരുന്ന അനുവിന് ഇയാള്‍ ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു. വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ബൈക്കില്‍ ലിഫ്റ്റ് നല്‍കി ആഭരണം തട്ടിയെടുക്കല്‍ പ്രതിയുടെ സ്ഥിരം കവര്‍ച്ചാരീതിയാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി മലപ്പുറത്തെ വീട്ടില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. സമീപത്തുള്ള സി സി ടി വി ക്യാമറയില്‍ ഇയാള്‍ സഞ്ചരിച്ച ബൈക്കിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഇതാണു പ്രതിയിലേക്ക് എത്താന്‍ സഹായിച്ചത്. അനുവിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പോലീസ് എത്തിച്ചേര്‍ന്നിരുന്നു.