ഇടുക്കിയിൽ കുരിശുപള്ളികൾ എറിഞ്ഞ് തകർത്ത യുവാവ് അറസ്റ്റിൽ
ഇടുക്കി: ക്രൈസ്തവ സഭകളുടെ കുരിശുപള്ളികൾ കല്ലെറിഞ്ഞു തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. പുളിയന്മല പി റ്റി ആർ ചെറുകുന്നേൽ ജോബിനാണ് (35) അറസ്റ്റിലായത്. കുരിശുപള്ളികൾ തകർക്കാൻ കാരണം വിവാഹം നിരന്തരമായി മുടക്കുന്ന സഭാ അധികൃതരോടുള്ള വൈരാഗ്യമാണ് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കട്ടപ്പന, കമ്പംമേട്ട്, ചേറ്റുകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള കുരിശുപള്ളികളിലാണ് അക്രമം നടത്തിയത്.
ആക്രമണത്തിന് പിന്നാലെ കട്ടപ്പന ഡിവൈഎസ്പി പി വി ബേബിയുടെ നിർദേശ പ്രകാരം വണ്ടന്മേട് എസ്എച്ച് ഒ ഷൈൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇവരാണ് പ്രതിയെ ഇന്ന് വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
മാർച്ച് 12 ന് പുലർച്ചെയാണ് ജോബിൻ ഓർത്തഡോക്സ്, കത്തോലിക്കാ സഭകളുടെ കീഴിലെ എട്ടോളം കുരിശുപള്ളികളുടെ ചില്ലുകൾ തകർത്തത്. പുളിയന്മല അമലമനോഹരി കപ്പേളയുടെ ചില്ല് ബൈക്കിൽ എത്തി എറിഞ്ഞു തകർക്കുന്ന സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളും പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും വസ്ത്രവുമാണ് കേസിൽ നിർണായകമായത്. എസ് ഐ ഡിജു ജോസഫ്, എഎസ് ഐ ജെയിംസ്, എസ് സി പി ഒ പ്രശാന്ത് കെ മാത്യു, സി പി ഒ അൽബാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.