ജീവനൊടുക്കിയ വിധികർത്താവ് ഷാജിയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുന്നത് കണ്ടെന്ന് വെളിപ്പെടുത്തൽ
തിരുവനന്തപുരം: കേരള സർവകലാശാല കലോൽസവത്തിലെ കോഴ ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുന്നത് കണ്ടെന്ന് വെളിപ്പെടുത്തൽ. എസ്എഫ്ഐക്കെതിരെ നൃത്തപരിശീലകൻ ജോമറ്റ് മൈക്കിളാണ് ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മാർഗംകളി വിധികർത്താവ് ഷാജിയെ എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിൽ മർദ്ദിക്കുന്നതിന് തങ്ങൾ ദൃക്സാക്ഷികളാണെന്ന് നൃത്ത പരിശീലകൻ ജോമറ്റ് മൈക്കിൾ വെളിപ്പെടുത്തി.
സെനറ്റ് ഹാളില്‍ വച്ച് വിധി കര്‍ത്താക്കളെ മണിക്കൂറുകളോളം നേരം ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടതായും നൃത്ത അധ്യാപകര്‍ ആരോപിച്ചു. അഞ്ജു കൃഷ്ണ, അക്ഷയ്, നന്ദന്‍ എന്നിവരെ കൂടാതെ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് ഷാജിയെ മര്‍ദിച്ചത്. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക്കുകള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനത്തിനിടെ നാട്ടിലെത്തിയാല്‍ താന്‍ മരിച്ചുകളയുമെന്ന് ഷാജി എസ്എഫ്‌ഐക്കാരോട് വിളിച്ചുപറയുകയും ചെയ്തായി ജോമറ്റ് പറഞ്ഞു.
കേരള സര്‍വകലാശാല കലോത്സവ കോഴക്കേസില്‍ ആരോപണ വിധേയനായ പിഎൻ ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വയനാട്ടില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണം കൊണ്ടും എസ്എഫ്ഐ പഠിച്ചില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
കേരള യൂണിവേഴ്സിറ്റി കലോത്സവ കോഴക്കേസില്‍ ആരോപണവിധേയരായ വിധികര്‍ത്താക്കളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു, മര്‍ദ്ദനത്തില്‍ മനംനൊന്താണ് ഷാജി ആത്മഹത്യ ചെയ്തത്, ഈ ക്രിമിനലുകളില്‍ നിന്ന് കേരളത്തെ രക്ഷിക്കണം, സംസ്ഥാനത്ത് രക്ഷിതാക്കളുടെ ഭീതി വര്‍ധിച്ചിരിക്കുകയാണ്, പലര്‍ക്കും കുട്ടികളെ കോളേജിലയക്കാൻ പേടിയാണെന്നും വി ഡി സതീശൻ.
കഴിഞ്ഞ ദിവസമാണ് കേരള യൂണിവേഴ്സിറ്റി കലോത്സവ കോഴക്കേസില്‍ ആരോപണവിധേയനായ വിധികര്‍ത്താവ് പിഎൻ ഷാജി കണ്ണൂരിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. താൻ കോഴ വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഇന്ന് കേസില്‍ പൊലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ഷാജി ആത്മഹത്യ ചെയ്തത്. മാനസിക സമ്മര്‍ദ്ദം സഹിക്കവയ്യാതെ ചെയ്തതാണെന്ന് ബന്ധുക്കളും ആരോപിക്കുന്നുണ്ട്.