പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിനെതിരെ മരണശേഷം ലഭിച്ച പരാതി കെട്ടിച്ചമച്ചതെന്ന് സംശയം
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിനെതിരെ മരണശേഷം ലഭിച്ച പരാതി കെട്ടിച്ചമച്ചതെന്ന് സംശയം. പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. ഫെബ്രുവരി 18നാണ് സിദ്ധാർഥനെതിരെ കോളേജിന് പരാതി കിട്ടിയത്. ഇന്റേർണൽ കംപ്ലെയ്ൻ്റ്സ് കമ്മറ്റിക്ക് പരാതി കൈമാറിയത് 20നാണ്. എന്നാൽ സിദ്ധാർത്ഥിൻ്റെ മരണശേഷം ലഭിച്ച ഈ പരാതി കെട്ടിച്ചമച്ചതെന്നാണ് സംശയം ഉയരുന്നത്. ഫെബ്രുവരി 14ന് ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആരോപണം.
ഈ സംഭവത്തിന്റെ പേരിലാണ് സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തിയതും മർദിച്ചതും. സിദ്ധാർഥൻ മരിച്ചിട്ടും പരാതി കമ്മിറ്റി പരിശോധിക്കുകയായിരുന്നു. എന്നാൽ ആരോപിതനായ സിദ്ധാർത്ഥിന് നോട്ടീസ് നൽകാൻ കഴിഞ്ഞില്ലെന്നാണ് ഐസിസി റിപ്പോർട്ട്. അതേസമയം, വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വെറ്ററിനറി കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണം പത്തായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്.
സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്ത് വെച്ചായിരുന്നു സിദ്ധാർത്ഥിനെതിരെ ആൾക്കൂട്ട വിചാരണ നടന്നത്. ആരും സഹായത്തിന് എത്താത്ത നിസ്സഹായതയിലായിരുന്നു സിദ്ധാർത്ഥ്. അടുത്ത സുഹൃത്തുക്കളാരും സഹായത്തിനെത്തിയിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്.