ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സം തമ്മിലുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോല്‍വി
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സം തമ്മിലുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസ് നേടിയ ഗോളാണ് ആതിഥേയര്‍ക്ക് ജയമൊരുക്കിയത്. തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് ആദ്യ നാലില്‍ നിന്ന് പുറത്തായി. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്സി 21 പോയിന്റുമായി ആറാമത്.
മത്സരത്തില്‍ പന്തടക്കത്തില്‍ ബംഗളൂരു എഫ്സിക്കായിരുന്നു മുന്‍തൂക്കം. ഒമ്പത് ഷോട്ടുകളാണ് ബംഗളൂരി എഫ്സി തൊടുത്തത്. ഇതില്‍ രണ്ടെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. ഒരെണ്ണം ഗോള്‍വര കടക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന് ഒരെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിക്കാന്‍ സാധിച്ചത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ബംഗളൂരു എഫ്സിയുടെ വിജയഗോള്‍ പിറന്നത്. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഹെര്‍ണാണ്ടസ് പന്ത് ഗോള്‍വര കടുത്തുകയായിരുന്നു. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് മോഹങ്ങള്‍ അവസാനിച്ചിട്ടില്ല.
ഇക്കുറി ആദ്യപാദത്തില്‍ കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ വിലക്കിലായിരുന്ന കോച്ച് ഇവാന് വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിനൊപ്പം ഡഗ് ഔട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ബെംഗളൂരൂവിനെതിരെ ഇവാന്റെ തിരിച്ചുവരവുകൂടിയാണ് രണ്ടാംപാദ മത്സരം. കൊച്ചിയിലെ ആദ്യപാദത്തില്‍ 2-1നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. കെസിയയുടെ ഓണ്‍ഗോള്‍ മത്സരത്തിന്റെ 52-ാം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചിരുന്നു. 69-ാം മിനുറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ മഞ്ഞപ്പടയുടെ ലീഡ് രണ്ടാക്കി. 90-ാം മിനുറ്റില്‍ കര്‍ട്ടിസ് മെയിനിലൂടെയായിരുന്നു ബിഎഫ്സിയുടെ ഏക മടക്ക ഗോള്‍.