കോഴിക്കോട് ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട കട ഉടമയെ യുവാവ് തല്ലിച്ചതച്ചു
കോഴിക്കോട്: ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട കട ഉടമയെ യുവാവ് തല്ലിച്ചതച്ചു. സംഭവത്തിൽ ജിത്തുലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടല്‍ ഉടമയായ ചമല്‍ സ്വദേശി നൗഷാദിനെ മര്‍ദിച്ച യുവാവ് കടയും അടിച്ചു തകര്‍ത്തു. കോഴിക്കോട് താമരശ്ശേരിയില്‍ ഇന്ന് രാത്രിയാണ് സംഭവം ഉണ്ടായത്.
ബേക്കറി ഉല്പന്നങ്ങളും ചായയും മറ്റു എണ്ണകടികളും വിഭവങ്ങളും ഉള്‍പ്പെടെ വില്‍ക്കുന്ന ചെറു ഹോട്ടലിലാണ് സംഭവം. കടയില്‍നിന്നും ഭക്ഷണം കഴിച്ചശേഷം യുവാവ് പൈസ നല്‍കിയില്ല. പൈസ ചോദിച്ചതോടെ പ്രകോപിതനായ യുവാവ് കടയുടമയെ മര്‍ദ്ദിക്കുകയായിരുന്നു. കടയുടെ മുന്നില്‍ നിന്ന് വെല്ലുവിളിക്കുകയും ചെയ്തു. താൻ കള്ളും കുടിക്കും കഞ്ചാവും അടിക്കും എംഡിഎംഎയും അടിക്കുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞും യുവാവ് വെല്ലുവിളി നടത്തി. നാട്ടുകാര്‍ ഇടപെട്ടാണ് യുവാവിനെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് പൊലീസെത്തി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.ഇയാള്‍ മദ്യമോ മറ്റു ലഹരിയോ ഉപയോഗിച്ചതായി സംശയമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.