രാഹുല്‍ ഗാന്ധി എം പി വയനാട്ടിലെത്തി
കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ സ്ഥലം എം.പി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. വീട്ടുകാരുമായി രാഹുല്‍ഗാന്ധി സംസാരിച്ചു. വീട്ടുകാരെ ആശ്വസിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് കര്‍ണാടകയിലെ കാട്ടില്‍ നിന്നെത്തിയ ബേലൂര്‍ മഖ്നയെന്ന മോഴയാനയുടെ ആക്രമണത്തില്‍ അജീഷ് മരിച്ചത്. വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ്, ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ച് രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയത്. കണ്ണൂരില്‍ നിന്നും റോഡു മാര്‍ഗമാണ് രാഹുല്‍ ഗാന്ധി രാവിലെ വയനാട്ടിലെത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി, എംഎല്‍എമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണന് എന്നിവര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. അജീഷിന്റെ വീട്ടില്‍നിന്ന് സന്ദര്‍ശനം കഴിഞ്ഞിറങ്ങിയ രാഹുലിനോട് സംസാരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രാഹുലുമായി പ്രദേശവാസി സംസാരിക്കുകയും ആനയെ പിടിക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. ആവശ്യത്തിന് ചികിത്സ കിട്ടാനുള്ള സംവിധാനമില്ലെന്നും രാഹുലിനെ പ്രദേശവാസി അറിയിച്ചു. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും രാഹുല്‍ ഉറപ്പുനല്‍കി