കഴിഞ്ഞ രാത്രിയിൽ വയനാട് മാനന്തവാടിയില്‍ നിന്നും മയക്കുവെടിവച്ച് ബന്ദിപ്പൂരിലെത്തിച്ച കാട്ടാന ചരിഞ്ഞു
ബന്ദിപ്പൂര്‍: കഴിഞ്ഞ രാത്രിയിൽ വയനാട് മാനന്തവാടിയില്‍ നിന്നും മയക്കുവെടിവച്ച് ബന്ദിപ്പൂരിലെത്തിച്ച കാട്ടാന ചരിഞ്ഞു. കാട്ടാനയെ മയക്കു വെടിവെച്ചു പിടികൂടി നാടുകടത്തിയ ദൗത്യം വിജയമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആനക്ക് ജീവൻ നഷ്ടമായെന്ന റിപ്പോർട്ട് പുറത്തുവന്നത്. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ തുറന്നുവിട്ടതിന് പിന്നാലെയാണ് ആന ചരിഞ്ഞത്.
കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എലിഫന്റ് ആംബുലന്‍സിലേക്ക് കയറ്റിയത്. കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മുലഹൊള്ളയില്‍ തുറന്നുവിട്ട ആനയാണ് മാനന്തവാടിയിലെത്തി പ്രതിസന്ധി സൃഷ്ടിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരം 5.35 ഓടെയാണ് ആനയെ മയക്കുവെടി വെച്ചത്. ആദ്യശ്രമം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും പിന്നീട് വെച്ച മയക്കുവെടി ആനയുടെ പിന്‍ഭാഗത്ത് ഇടത് കാലിന് മുകളിലായി ഏൽക്കുകയായിരുന്നു. പിന്നീട് രണ്ടുതവണ ബൂസ്റ്റര്‍ ഡോസുകള്‍ നല്കി.തുടർന്ന് ആനയുടെ കാലില്‍ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന് അടുത്തേക്ക് എത്തിക്കുകയായിരുന്നു. അതിനു പിന്നാലെ ആനയെ എലിഫൻ്റ് ആംബുലന്‍സില്‍ കയറ്റി. ബൂസ്റ്റര്‍ ഡോസില്‍ മയങ്ങിയ തണ്ണീര്ക്കൊമ്പന് കാലില്‍ വടംകെട്ടി കുങ്കിയാനകള്‍ വാഹനത്തിനടുത്തേക്ക് എത്തിച്ചു. തുടര്‍ന്ന് ലോറിയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. 15ാം തവണ പടക്കം പൊട്ടിച്ച ശേഷമാണ് ആനയെ മയക്കുവെടി വെക്കാന്‍ പാകത്തില്‍ തുറസായ സ്ഥലത്ത് എത്തിച്ചത്.
മയക്കുവെടിയേറ്റ് ആന മയങ്ങിയെങ്കിലും അല്പദൂരം മുന്നോട് നീങ്ങിയിരുന്നു. ഇടയ്ക്ക് വെളിച്ചക്കുറവിനെത്തുടര്‍ന്ന് ദൗത്യം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാംരഭിച്ചു. വാഴത്തോട്ടത്തിന് സമീപത്തെ മണ്‍തിട്ട നീക്കം ചെയ്താണ് കുങ്കിയാനകളെ തണ്ണീര്‍ക്കൊമ്പ് സമീപം എത്തിച്ചത്.