ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ്
കോട്ടയം: കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർഥിയാകാൻ താൽപര്യമറിയിച്ച് കൂടുതൽ നേതാക്കൾ രംഗത്ത്. കോൺഗ്രസുമായുളള സീറ്റ് ചർച്ച ഇന്ന് നടക്കാനിരിക്കെയാണ് നേതാക്കൾ രംഗത്ത് എത്തിയത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് പറഞ്ഞു. പിജെ ജോസഫുമായി ലയിക്കുമ്പോൾ രാജ്യസഭാ സീറ്റ് നൽകാമെന്ന് ധാരണയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പിജെ ജോസഫോ ഫ്രാൻസിസ് ജോർജോ മോൻസ് ജോസഫോ കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർഥിയാകണമെന്ന് കോൺഗ്രസ് നിലപാടെടുത്തിരിക്കെയാണ് പിസി തോമസ് മനസ് തുറക്കുന്നത്. കോട്ടയം കേരളാ കോൺഗ്രസിന്റെ ശക്തി കേന്ദ്രമാണ്. ഫ്രാൻസീസ് ജോർജാണോ താനാണോ, ആര് സ്ഥാനാർഥിയാകണമെന്ന് പിജെ ജോസഫാണ് തീരുമാനിക്കേണ്ടത്. ആര് സ്ഥാനാർഥിയായലും പിന്തുണക്കും. ലയനസമയത്ത് രാജ്യസഭാ സീറ്റ് എന്നത് പല പല ധാരണകളിൽ ഒന്നായിരുന്നു. ബ്രാക്കറ്റ് ഇല്ലാത്ത കേരളാ കോൺഗ്രസ് പാർടിയാണ് തന്റേതെന്നും പി സി തോമസ് പറഞ്ഞു.