രാജ്യം എഴുപത്തിയഞ്ചാം റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു

Spread the love

ന്യൂഡൽഹി: രാജ്യം എഴുപത്തിയഞ്ചാം റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു. ചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക് ദിനത്തിലെ സൈനികപരേഡ് നയിക്കുന്നതും പങ്കെടുക്കുന്നതും സ്ത്രീകളാണ്. രാവിലെ കർത്തവ്യപഥിൽ നടക്കുന്ന പരേഡ് ഇന്ത്യയുടെ നാരീശക്തിയും സൈനിക ശക്തിയും വെളിപ്പെടുത്തുന്നതാകും. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകൾ, ഡ്രോൺ ജാമറുകൾ, നിരീക്ഷണ ഉപകരണങ്ങൾ, സൈനികവാഹനങ്ങൾ തുടങ്ങിയവയും റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ വിശിഷ്ടാതിഥി. വീരമൃത്യുവരിച്ച സൈനികർക്ക് യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികൾ അർപ്പിക്കുന്നതോടെയായിരിക്കും റിപ്പബ്ലിക്ദിനാഘോഷങ്ങൾക്ക് തുടക്കമാകുക. തൊട്ടുപിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും കുതിരകളെ പൂട്ടിയെ പരമ്പരാഗത ബഗ്ഗിയിൽ കർത്തവ്യപഥിലെത്തും. 40 വർഷത്തിനുശേഷമാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കുതിരകളെ പൂട്ടിയ ബഗ്ഗിയിൽ രാഷ്ട്രപതി പരേഡിനെത്തുന്നത്.

രാഷ്ട്രപതി ദേശീയപതാക ഉയർത്തുന്നതിനുപിന്നാലെ ദേശീയഗാനം ആലപിക്കും. അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ ഗൺ സല്യൂട്ട് എന്ന നിലയിൽ 21 ആചാരവെടികൾ മുഴക്കും. ഇതിനുപിന്നാലെ കർത്തവ്യപഥിൽ വ്യോമസേന പുഷ്പവൃഷ്ടി നടത്തും. പുഷ്പവൃഷ്ടിക്കുശേഷം നൂറ് വനിതകളുടെ നേതൃത്വത്തിലുള്ള ബാൻഡ് പ്രകടനത്തിന് തുടക്കമാകും. പിന്നാലെ രാഷ്ട്രപതി, സേനകളുടെ ഔദ്യോഗികസല്യൂട്ടുകൾ സ്വീകരിക്കുന്നതോടെയാണ് പരേഡിന് തുടക്കമാകുക.

രാജ്യത്തിന്റെ സ്ത്രീശക്തി വിളിച്ചോതി ചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക്ദിനത്തിൽ ഇത്തവണ സ്ത്രീകളാണ് പ്രധാനമായും സൈനികപരേഡ് നയിക്കുന്നതും പങ്കെടുക്കുന്നതും. പരമ്പരാഗത സൈനികബാൻഡുകൾക്കുപകരം ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിക്കുന്ന നൂറോളം വനിതകളും പരേഡിന്റെ ഭാഗമാകും. ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ 15 വനിതാ പൈലറ്റുമാരും സൈനികാഭ്യാസങ്ങളുടെ ഭാഗമാകും. കേന്ദ്ര സായുധസേനയെയും ഇത്തവണ വനിതാ ഉദ്യോഗസ്ഥരാണ് നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *