മധ്യപ്രദേശിലെ ക്രിസ്ത്യൻ പള്ളികളിൽ കടന്നുകയറി തീവ്രഹിന്ദുത്വ വാദികൾ കാവിക്കൊടി സ്ഥാപിച്ചു
മധ്യപ്രദേശിലെ ക്രിസ്ത്യൻ പള്ളികളിൽ കടന്നുകയറി തീവ്രഹിന്ദുത്വ വാദികൾ കാവിക്കൊടി സ്ഥാപിച്ചു. നാല് പള്ളികൾക്ക് മുകളിലെ കുരിശിലാണ് കാവി കൊടി കെട്ടിയത്. സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് രംഗത്തെത്തി. മധ്യപ്രദേശിലെ ജംബുവാ ജില്ലയിൽ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് വ്യാപകമായി ഉത്തരേന്ത്യയിൽ സ്ഥാപിക്കുന്ന കാവി കൊടികളുമായിട്ടാണ് തീവ്രഹിന്ദുത്വ വാദികളുടെ സംഘം എത്തിയത്. അമ്പത് പേരടങ്ങുന്ന സംഘം പള്ളികളിൽ അതിക്രമിച്ച് കയറി കുരിശിന് മുകളിൽ കൊടി കെട്ടുകയായിരുന്നു. ദാബ്തല്ലേ, ധംനി നാഥ്, ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം പള്ളിയിലും മാതാസുലേയിലെ സി എസ് ഐ പള്ളിയിലുമാണ് കാവിക്കൊടി കെട്ടിയത്. സംഭവത്തിൽ പരാതി നൽകിയിട്ടും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയ്യാറായില്ലെന്ന് പള്ളികമ്മിറ്റികൾ വ്യക്തമാക്കി. കടുത്ത നടപടി വേണമെന്ന് ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് നിയമവിരുദ്ധമായ പ്രവർത്തി ചെയ്തവരെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് എന്ന് പരാതിയുമായി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് രംഗത്ത് വന്നു. ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടാവുന്ന അതിക്രമങ്ങൾക്കെതിരെ സുപ്രീംകോടതി സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ ഛത്തീസ്ഗഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെ വൈദികർക്ക് നേരെയും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെയും ഉണ്ടാകുന്ന അതിക്രമങ്ങൾ തുടർക്കഥയായി മാറിയിരിക്കുകയാണ്.