ഡിജിപി ഓഫീസിലേക്ക് കെപിസിസി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടന്നതിയത് ഏകപക്ഷീയ ആക്രമണമാണെന്ന് കോണ്‍ഗ്രസ്

Spread the love

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കെപിസിസി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടന്നതിയത് ഏകപക്ഷീയ ആക്രമണമാണെന്ന് കോണ്‍ഗ്രസ്. പൊലീസാണ് സമാധാനപരമായി പുരോഗമിച്ച ഡിജിപി ഓഫീസ് മാര്‍ച്ചില്‍ വേദിയിലേക്ക് ടിയര്‍ ഗ്യാസ് സെല്‍ പൊട്ടിച്ച് പ്രകോപനം ഉണ്ടാക്കിയതെന്നും കോൺ​ഗ്രസ് പറയുന്നു. പ്രവര്‍ത്തകര്‍ക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു. നേതാകൾ ഇരുന്ന വേദിയിലേക്ക് ഗ്രനേഡ് എറിഞ്ഞത് വധശ്രമം തന്നെയാണന്നും കോൺ​ഗ്രസ് പ്രസ്താവനയിൽ പറയുന്നു.

‘പിണറായി വീണ്ടും പ്രതിപക്ഷത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രവര്‍ത്തകര്‍ക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കെ.മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ നേതാക്കളും ഇരുന്ന വേദിയിലേക്ക് ഗ്രനേഡ് എറിഞ്ഞത് പിണറായി വിജയന്റെ വധശ്രമം തന്നെയാണ്. കേരളത്തില്‍ നടക്കുന്നത് ജനാധിപത്യമല്ല, ഏകാധിപത്യമാണ്. ഈ ജനാധിപത്യവിരുദ്ധ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും തുടരാന്‍ അവകാശമില്ല. ശക്തമായ പ്രതിഷേധങ്ങള്‍ ഇനിയുമുണ്ടാകും.’ പിണറായിക്കും ഗുണ്ടകള്‍ക്കും ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാകില്ലെന്നും കോണ്‍ഗ്രസ് പ്രസ്താവനയിലൂടെ പറഞ്ഞു.

വേദിയില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാത നടപടിയാണ് പൊലീസ് കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കെ, താന്‍ സംസാരിക്കുമ്പോഴാണ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതെല്ലാം നടന്നത്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് പിന്‍മാറില്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും സംഭവത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *