ചീഫ് വിപ് എൻ.ജയരാജിന്റെ പഴ്സനൽ സ്റ്റാഫിനെച്ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ തർക്കം
. ചീഫ് വിപ് എൻ.ജയരാജിന്റെ പഴ്സനൽ സ്റ്റാഫിനെച്ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ തർക്കം
കോട്ടയം ∙ സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജിന്റെ പഴ്സനൽ സ്റ്റാഫിൽ രണ്ടരക്കൊല്ലം പൂർത്തിയാക്കി പെൻഷന് അർഹത നേടിയ അംഗങ്ങളെയെല്ലാം മാറ്റി പുതിയ ആളുകളെ നിയമിക്കാനൊരുങ്ങുന്നു . പുതുതായി നിയമിക്കുന്നവരുടെ പട്ടികയിൽ പാർട്ടിക്കുവേണ്ടി പോരടിച്ചവരില്ലെന്നു പറഞ്ഞു കേരള കോൺഗ്രസ് (എം) ലെ ഒരു വിഭാഗം പ്രതിക്ഷേതവുമായി രംഗത്തെത്തിയതായി വിവരം. പാർട്ടിക്കുള്ളിലെ സൈബർ വിഭാഗം രഹസ്യയോഗം ചേർന്നതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽനിന്നുള്ള കേരള കോൺഗ്രസ് (എം) എംഎൽഎയായ ജയരാജ് സർക്കാർ ചീഫ് വിപ്പായപ്പോൾ 8 പേരാണു പഴ്സനൽ സ്റ്റാഫിൽ ആദ്യമുണ്ടായിരുന്നത്. 17 പേരെക്കൂടി പിന്നീട് ഉൾപ്പെടുത്തി.
ഒരു പ്രൈവറ്റ് സെക്രട്ടറി, 2 വീതം അഡീഷനൽ സെക്രട്ടറിമാർ, അസി. പ്രൈവറ്റ് സെക്രട്ടറിമാർ, 4 ഓഫിസ് അറ്റൻഡന്റുമാർ, 5 ക്ലാർക്കുമാർ, ഒന്നുവീതം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, അഡീഷനൽ പഴ്സനൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് എന്നിവരെയാണു പിന്നീടു നിയമിച്ചത്. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിക്ക് മാസം 1,07,800 മുതൽ 1,60,000 രൂപ വരെയാണു ശമ്പളം. ഓഫിസ് അറ്റൻഡൻഡിനു നൽകുന്ന 50,200 രൂപയാണ് കുറഞ്ഞ ശമ്പളം. രണ്ടര വർഷം പൂർത്തിയാക്കുന്ന പഴ്സനൽ സ്റ്റാഫിനു പെൻഷൻ ലഭിക്കും. 4750 രൂപയാണു പ്രതിമാസ പെൻഷൻ. പാർട്ടിയിലെ പഴയകാല സൈബർ പോരാളികളുടെ കൂട്ടായ്മ എന്ന പേരിലാണു ചിലർ യോഗം ചേർന്നത്. ഇതിലേക്കു നേതാക്കളെ ക്ഷണിച്ചിരുന്നില്ല. പഴ്സനൽ സ്റ്റാഫിൽ തങ്ങൾക്കും പ്രാതിനിധ്യം വേണമെന്നാണു സൈബർ പോരാളികളുടെ ആവശ്യമെന്നു മാധ്യമ റിപ്പോർട്ടിൽ പറയുന്നു