അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം നാളെ വാഴൂരിൽ വീട്ടുവളപ്പിൽ
കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം നാളെ വാഴൂരിൽ വീട്ടുവളപ്പിൽ. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച ശേഷം പൊതുദർശനവും ഉച്ചകഴിഞ്ഞ് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകുകയും ചെയ്യും. കോട്ടയം ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം കാനത്തെ വീട്ടിലെത്തിക്കും
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനത്തിന്റെ അന്ത്യം. പ്രമേഹരോഗത്തിന് ചികിത്സയിലിരിക്കേ ഹൃദയാഘാതംമൂലമായിരുന്നു മരണം. ഇടതുകാലിന് നേരത്തേ അപകടത്തില്‍ പരിക്കേറ്റിരുന്നു. പ്രമേഹം കാലിലെ പരിക്ക് ഗുരുതരമാക്കിയതോടെ പാദം മുറിച്ചുമാറ്റി. പാര്‍ട്ടി ഭാരവാഹിത്വത്തില്‍നിന്ന് മൂന്നുമാസത്തെ അവധിയിലായിരുന്നു.
എട്ടുവര്‍ഷമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറിസ്ഥാനത്തുള്ള കാനം പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റംഗവുമാണ്. തുടര്‍ഭരണത്തിന്റെ തിളക്കത്തിലേക്ക് പാര്‍ട്ടിയെയും മുന്നണിയെയും നയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചശേഷമാണ് കാനം യാത്രയാകുന്നത്.
വാഴൂരിലെ കാനം എന്ന പ്രദേശത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പര്യായമാക്കിയ രാജേന്ദ്രന്‍ കൊച്ചുപുരയിടത്തില്‍ വി.കെ. പരമേശ്വരന്‍നായരുടെയും ടി.കെ. ചെല്ലമ്മയുടെയും മകനായി 1950-ലാണ് ജനിച്ചത്. വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ സജീവമായ കാനം 20-ാം വയസ്സില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയും പിന്നീട് ദേശീയ വൈസ് പ്രസിഡന്റുമായി. അതേവര്‍ഷം സി.പി.ഐ. സംസ്ഥാന കൗണ്‍സിലംഗവുമായി.
വാഴൂരില്‍നിന്ന് 1982-ലും 1987-ലും എം.എല്‍.എ.യായി. ഇതേസമയംതന്നെ പാര്‍ട്ടിയുടെ കോട്ടയം ജില്ലാസെക്രട്ടറിയുമായി. 2015-ല്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി. തുടര്‍ന്ന് 2018-ലും 2022-ലും സെക്രട്ടറി. ഇടതുമുന്നണി ഭരിക്കുമ്പോഴും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പുകളില്‍ രണ്ടുവട്ടമെന്ന ഊഴം കര്‍ശനമായി നടപ്പാക്കിയ കാനം മന്ത്രിസ്ഥാനത്തേക്ക് പുതുമുഖങ്ങളെ എത്തിക്കുന്നതിലും നിര്‍ണായക തീരുമാനമെടുത്തു.
കാനത്തിന്റെ ഭൗതികശരീരം ശനിയാഴ്ച രാവിലെ ഏഴിന് വ്യോമമാര്‍ഗം തിരുവനന്തപുരത്തെത്തിക്കും. തുടര്‍ന്ന് ഇടപ്പഴഞ്ഞി വിവേകാനന്ദ നഗറിലുള്ള മകന്റെ വസതിയിലും ഐ.ഐ.ടി.യു.സി. സംസ്ഥാനകമ്മിറ്റി ഓഫീസായ പട്ടം പി.എസ്. സ്മാരകത്തിലും പൊതുദര്‍ശനം.
ഉച്ചയ്ക്ക് രണ്ടിന് വിലാപയാത്രയായി ഭൗതികശരീരം കോട്ടയത്തേക്ക് കൊണ്ടുപോകും. വൈകീട്ട് കോട്ടയം ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം കാനത്തെ വീട്ടിലെത്തിക്കും. സംസ്‌കാരം ഞായറാഴ്ച 10-ന് വീട്ടുവളപ്പില്‍.
ഭാര്യ: വനജ. മക്കള്‍: സ്മിത (സേലം), സന്ദീപ് (ബിസിനസ്). മരുമക്കള്‍: താര (ഫിനാന്‍സ് വിഭാഗം, െസക്രട്ടേറിയറ്റ്), സര്‍വേശ്വരന്‍ (ബിസിനസ്).
വിലാപയാത്ര കടന്നുപോകുന്ന സ്ഥലങ്ങളും സമയവും
തിരുവനന്തപുരം
മണ്ണന്തല- 2.30 PM
വട്ടപ്പാറ- 2.45 PM
കന്യാകുളങ്ങര- 3 PM
വെമ്പായം- 3.15 PM
വെഞ്ഞാറമ്മൂട്- 3.30 PM
കാരേറ്റ്- 3.45 PM
കിളിമാനൂര്‍- 4 PM
കൊല്ലം
നിലമേല്‍- 4.15 PM
ചടയമംഗലം- 4.30 PM
ആയൂര്‍- 4.45 PM
കൊട്ടാരക്കര- 5.15 PM
പത്തനംതിട്ട
അടൂര്‍- 5.45 PM
പന്തളം- 6.15 PM
ആലപ്പുഴ
ചെങ്ങന്നൂര്‍- 6.45 PM
പത്തനംതിട്ട
തിരുവല്ല- 7.15 PM
കോട്ടയം
ചങ്ങനാശ്ശേരി- 8 PM
കുറിച്ചി- 8.15 PM
ചിങ്ങവനം- 8.30 PM
നാട്ടകം- 8.45 PM
കോട്ടയം ജില്ലാകമ്മിറ്റി ഓഫീസ്- 9 PM
കാനം (വസതി)- 11 PM