കൊച്ചിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
കൊച്ചിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ കാമുകൻ കുറ്റം സമ്മതിച്ചു. കൊച്ചി കറുകപ്പള്ളിയിൽ ഫ്ളാറ്റിൽ താമസിച്ചിരുന്ന അശ്വതിയുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. അശ്വതിയുടെ സുഹൃത്ത് ഷാനിസ് ആണ് കുറ്റസമ്മതം നടത്തിയത്. കുഞ്ഞിനെ തന്റെ കാൽമുട്ടിൽ ഇടിച്ചാണ്കൊല്ലാൻ ശ്രമിച്ചതെന്ന് ഷാനിസ് മൊഴിനൽകി.
അബോധാവസ്ഥയിലായ കുഞ്ഞിനെ തൊണ്ടയിൽ പാൽ കുടുങ്ങിയെന്ന് പറഞ്ഞാണ് ഇരുവരും ഞായറാഴ്ച എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുഞ്ഞിനെ ന്യൂബോർൺ ഐസിയുവിലേക്ക് മാറ്റിയെങ്കിലും മരിച്ചു. പോസ്റ്റുമോർട്ടത്തിലാണ് കുഞ്ഞിന്റെ മരണകാരണം തലയ്ക്കേറ്റ ഗുരുതര പരിക്കാണെന്ന് അറിയുന്നത്.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അശ്വതിയുടെ അടുപ്പക്കാരനായ ഷാനിസ് കുറ്റസമ്മതം നടത്തിയത്.
കുഞ്ഞ് മറ്റൊരാളുടേതാണ് എന്നതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാൾ നൽകിയ മൊഴി. ഡിസംബർ ഒന്നിനായിരുന്നു ഇരുവരും ഫ്ളാറ്റിൽ താമസത്തിനെത്തിയത്. ഒന്നര വർഷമായി ഷാനിസും അശ്വതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു.