ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യ പ്രതി പത്മകുമാറിന്റെ മൊഴിയിൽ വൈരുദ്ധ്യം
കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യ പ്രതി പത്മകുമാറിന്റെ മൊഴിയിൽ വൈരുദ്ധ്യം. പത്മകുമാറിന്റെ മൊഴിയിൽ പറയുന്നത് കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ്. മകളുടെ അഡ്മിഷനായി പണം നൽകിയെന്നും എന്നാൽ അഡ്മിഷൻ ലഭിച്ചില്ലെന്നും ആണ് ഇയാൾ പറഞ്ഞത്. എന്നാൽ മകൾ പഠിച്ചത് കമ്പ്യൂട്ടർ സയൻസാണെന്നും പത്മകുമാറിന്റെ മൊഴിയിൽ പറയുന്നു. കമ്പ്യൂട്ടർ സയൻസ് പഠിച്ച മകൾക്ക് എങ്ങനെയാണ് വിദേശത്ത് നഴ്സിംഗ് പഠിക്കാനാകുക എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അതുകൊണ്ടുതന്നെ പത്മകുമാറിന്റെ മൊഴി കെട്ടുകഥയാണെന്ന സംശയവും ബലപ്പെടുകയാണ്. കേസിലെ ദുരൂഹതകളും വർധിക്കുകയാണ്.
പത്മകുമാർ പൊലീസിനോട് പറഞ്ഞത്
മകൾക്ക് വിദേശത്ത് പഠനത്തിന് പണം വാങ്ങിയ റെജി വാക്കുപാലിക്കാത്തതാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതി പത്മകുമാര്‍ പൊലീസിനോട് പറഞ്ഞത്. അടൂര്‍ കെ എ പി ക്യാംപിൽ ചോദ്യം ചെയ്യലിനിടെയാണ് വെളിപ്പെടുത്തൽ. പ്ലസ് ടുവിന് കമ്പ്യൂട്ടര്‍ സയൻസ് പഠിച്ച മകൾക്ക്, വിദേശത്ത് നഴ്സിംഗ് അഡ്മിഷന് സീറ്റി വാങ്ങി നൽകാൻ ഒ ഇ ടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് ആറ് വയസുകാരിയുടെ അച്ഛൻ റെജി വാക്കുനൽകിയെന്നും പ്രതി പറയുന്നു. വാക്കുപാലിച്ചില്ലെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അഞ്ച് ലക്ഷം രൂപ റെജി തിരികെ നൽകിയില്ലെന്നും പദ്മകുമാര്‍ ചോദ്യം ചെയ്യലിൽ പറഞ്ഞു. തനിക്ക് മാത്രമാണ് കൃത്യത്തിൽ പങ്കെന്നും ഭാര്യക്കും മകൾക്കും പങ്കില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങൾ പൊലീസ് വിശ്വസിച്ചിട്ടില്ല.
കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്.തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് കൊല്ലത്തെ ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്.