തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.
കൊല്ലം: ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ രേഖാചിത്രവും ഉടൻ പുറത്തുവിടുമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിലെ വിദഗ്ധരാണ് രേഖാചിത്രം തയ്യാറാക്കിയത്. തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന.
മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് പാരിപ്പള്ളിക്കു സമീപം കുളമട കിഴക്കനേല എൽ.പി.എസിന് അടുത്തുള്ള കടയിൽ വന്ന സ്ത്രീയും പുരുഷനുമാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. കടയുടമയുടെ ഭാര്യ ഗിരിജയുടെ ഫോൺ വാങ്ങിയാണ് ഇവർ സംസാരിച്ചത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ പോലീസ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷർട്ടുമായിരുന്നെന്ന് നേരത്തെ ഗിരിജ പറഞ്ഞിരുന്നു. 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ പച്ച ചുരിദാറും കറുത്ത ഷാളുമായിരുന്നു ധരിച്ചിരുന്നതെന്നും ഗിരിജ പോലീസിനോട് വ്യക്തമാക്കിയിരുന്നു.
കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ കണ്ട്രോൾ റൂം നമ്പറായ 112-ൽ അറിയിക്കണമെന്ന് പോലീസ് വ്യക്തമാക്കി. വിഷയത്തിൽ ബന്ധപ്പെടാനാകുന്ന മറ്റ് നമ്പറുകൾ: 9946923282, 9495578999
ഇന്നലെ വൈകിട്ട് 4.20-നാണ് പെൺകുട്ടിയെ വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു.