മണ്ഡല – മകരവിളക്ക് സീസണിലേക്കുള്ള താത്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
പത്തനംതിട്ട: മണ്ഡല – മകരവിളക്ക് സീസണിലേക്കുള്ള താത്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രീൻ ഗാർഡ്‌സ്, ടെലിഫോൺ ഓപ്പറേറ്റർ, ഡ്രൈവർ കം അറ്റൻഡർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.
ഗ്രീൻ ഗാർഡ്‌സ്
മിഷൻ ഗ്രീൻ ശബരിമലയുടെ ഭാഗമായി പമ്പയിൽ വസ്ത്രങ്ങൾ നിക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനു പമ്പാ സ്‌നാനഘട്ടത്തിൽ ഗ്രീൻ ഗാർഡ്‌സ് എന്ന പേരിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്യൂട്ടി ചെയ്യുന്നതിനായി യുവാക്കളിൽനിന്ന് (50 വയസിൽ താഴെ) അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ളവർ14ന് വൈകിട്ട് അഞ്ചിനു മുൻപായി വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം ജില്ലാ കോ – ഓർഡിനേറ്റർ, ശുചിത്വമിഷൻ,1-ാം നില, കിടാരത്തിൽ ക്രിസ് ടവർ, സ്റ്റേഡിയം ജങ്ഷനു സമീപം, പത്തനംതിട്ട എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. (നിയമനം ലഭിക്കുന്നവർ ജോലിക്കു ഹാജരാകുന്നതിനു മുൻപായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം). ഫോൺ: 8129557741, 0468 2322014
ടെലിഫോൺ ഓപ്പറേറ്റർ
ശബരിമല മണ്ഡല – മകരവിളക്കു തീർഥാടനകാലയളവിൽ പമ്പ മുതൽ സന്നിധാനം വരെയും കരിമലയിലുമായി പ്രവർത്തിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ (ഇഎംസി) എത്തിച്ചേരുന്ന അന്യഭാഷക്കാരായ തീർഥാടകരോടും അവരുടെ സ്വന്തം സ്ഥലങ്ങളിലുള്ള ബന്ധുക്കളോടും അവരുടെ ഭാഷയിൽ ടെലിഫോണിൽ സംസാരിക്കുന്നതിനു വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള രണ്ട് ആളുകളുടെ സേവനം ആവശ്യമുണ്ട്.12-ാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയും അഞ്ചു ഭാഷകളിൽ (ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക്, കന്നട) പ്രാവീണ്യമുള്ളവരുമായിരിക്കണം. നവംബർ 15 മുതൽ 2024 ജനുവരി 21 വരെയാണ് സേവന കാലാവധി. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവിൽ സ്റ്റേഷനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ 2023 നവംബർ ഒൻപതിനു ഉച്ചയ്ക്ക് ഒന്നിനു മുൻപായി എത്തണം. ഫോൺ: 7306391114
ഡ്രൈവർ കം അറ്റൻഡർ
മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശബരിമല മണ്ഡല – മകരവിളക്ക് കാലത്തു നടത്തിവരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോൺ പ്രോജക്ടിന്റെ 2023/24 വർഷത്തിൽ താത്ക്കാലിക ഡ്രൈവർ കം അറ്റൻഡറായി സേവനമനുഷ്ഠിക്കാൻ താത്പ്പര്യമുള്ള ഡ്രൈവർമാരിൽനിന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷകന്റെ ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, പോലിസ് ക്ലിയറൻസ് റിപ്പോർട്ട് എന്നിവ സഹിതം നിശ്ചിത മാത്യകയിൽ പത്തനംതിട്ട ആർടിഒക്ക് നവംബർ ഒൻപതിന് മുൻപ് അപേക്ഷ സമർപ്പിക്കണം. എൽഎംവി ലൈസൻസ് എടുത്ത് അഞ്ചുവർഷം പ്രവർത്തി പരിചയമുണ്ടായിരിക്കണം. പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷിക്കുന്ന വ്യക്തികൾ സേവനതത്പരരായി ജോലി ചെയ്യുവാൻ തയ്യാറുള്ളവരായിരിക്കണം.