കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിക്കാമെന്നാണ് കോടതി ആദ്യം അറിയിച്ചത്. എന്നാൽ യുഎപിഎ അടക്കം ചുമത്തിയ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഇതിന് പത്ത് ദിവസത്തെ കസ്റ്റഡി വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു
പത്ത് വർഷത്തിലധികം മാർട്ടിൻ വിദേശത്തുണ്ടായിരുന്നതിനാൽ ഈ വഴിയുള്ള ബന്ധങ്ങളും മാർട്ടിന്റെ സാമ്പത്തിക ഇടപാടുകളുമെല്ലാം അന്വേഷണ വിധേയമാക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തിയാക്കുക.
അതേസമയം അഭിഭാഷകനെ ആവശ്യമില്ലെന്ന് മാർട്ടിൻ ഇന്നും കോടതിയെ അറിയിച്ചു. തനിക്ക് തന്റെ ശബ്ദത്തിൽ തന്നെ കോടതിയിൽ സംസാരിക്കണമെന്നും അതിനാലാണ് അഭിഭാഷകനെ വേണ്ടാത്തതെന്നുമാണ് മാർട്ടിൻ പറഞ്ഞത്.