നാളെ ഫോണുകൾ കൂട്ടത്തോടെ ശബ്ദിക്കും, വിറയ്ക്കും; ചില സന്ദേശങ്ങളും വരുമെന്ന് മുന്നറിയിപ്പ്
നാളെ ഫോണുകൾ കൂട്ടത്തോടെ ശബ്ദിക്കും, വിറയ്ക്കും; ചില സന്ദേശങ്ങളും വരുമെന്ന് മുന്നറിയിപ്പ്
നാളെ കേരളത്തിലെ മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര ടെലികോം വകുപ്പാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. കേരളത്തിൽ പുതുതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്‌കാസ്റ്റിംഗിന്റെ ഭാഗമായുള്ള ടെസ്റ്റ് അലർട്ടുകൾ ലഭിക്കുന്നതിനാലാണിത്
31-10-2023 പകൽ 11 മണിമുതൽ വൈകിട്ട് നാലുമണിവരെ ഫോണുകൾ ശബ്ദിക്കുകയും വിറയ്ക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ചില അടിയന്തര ഘട്ടങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചേക്കും. ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിക്കുന്നവർ പരിഭ്രാന്തരാകേണ്ടതില്ല. ഇതൊരു അടിയന്തരഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണെന്നും ടെലികോം വകുപ്പ് വ്യക്തമാക്കുന്നു
പൊതുജനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതും പ്രകൃതി ദുരന്തങ്ങൾ പോലുള്ള അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായ അലർട്ടുകൾ നൽകുന്നതുമാണ് സെൽ ബ്രോഡ്‌കാസ്റ്റിംഗ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവർത്തനം പരിശോധിക്കുകയാണ് ടെസ്റ്റ് അലർട്ടിലൂടെ ചെയ്യുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ വകുപ്പുകൾ എന്നിവർ ചേർന്നാണ് പരീക്ഷണം നടത്തുന്നത്.
അലാറം പോലുള്ള ശബ്ദമാകും ഫോണിൽ വരിക. കൂട്ടത്തോടെ നിരവധി ഫോണുകൾ ഒരുമിച്ച് ശബ്ദിക്കും. യഥാർത്ഥ മുന്നറിയിപ്പല്ലെന്ന ബോധ്യം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്നതിനായി ‘സാമ്പിൾ ടെസ്റ്റ് മെസേജ്’ എന്ന ലേബൽ നൽകണമെന്ന് കേന്ദ്ര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.