സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്ട്ടിന് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്
കൊച്ചി: സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്ട്ടിന് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. നിര്‍ണായക തെളിവുകള്‍ മൊബൈലില്‍ നിന്ന് പൊലീസിന് ലഭിച്ചു. റിമോട്ട് ട്രിഗര്‍ ചെയ്താണ് സ്ഫോടനം നടത്തിയത്. റിമോട്ടിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് ലഭിച്ചു. കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ച് വരികയാണ്. പെട്രോൾ നിറച്ച കുപ്പിയുമായാണ് ഇയാൾ സ്ഥലത്തെത്തിയത്. ചോറ്റുപാത്രം വാങ്ങിയ കടയും ഇയാൾ പൊലീസിന് പറഞ്ഞു നൽകി. ബോംബുണ്ടാക്കുന്ന ദൃശ്യങ്ങളും മാർട്ടിന്റെ മൊബൈലിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നേരത്തേ ഡൊമിനിക് മാര്ട്ടിന് ഏറ്റെടുത്തിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഡൊമിനിക് മാര്ട്ടിന് സ്ഫോടനത്തിന് പിന്നില്‍ താനാണെന്ന് വെളിപ്പെടുത്തിയത്. വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി.
കൊടകര സ്റ്റേഷനിലാണ് ഡൊമിനിക് കീഴടങ്ങിയത്. സംഘടനയുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആറ് വര്‍ഷം മുമ്പ് സംഘടനയില്‍ നിന്ന് ഇറങ്ങിയെന്നും ഫേസ്ബുക്ക് വീഡിയോയില്‍ ഡൊമിനിക് പറഞ്ഞു. പല കാര്യങ്ങളും തിരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടും സംഘടന തിരുത്തിയില്ല. 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ താന്‍ അംഗമാണ്. യഹോവ സാക്ഷികള്‍ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. രാജ്യദ്രോഹ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി ആറ് വര്‍ഷം മുമ്പ് ബോധ്യമായി. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ തന്നെപ്പോലുള്ളവര്‍ പ്രതികരിക്കും. പൊലീസില്‍ കീഴടങ്ങുന്നു എന്ന് പറഞ്ഞാണ് ഡൊമിനിക് മാര്ട്ടിന് വീഡിയോ അവസാനിപ്പിക്കുന്നത്.