മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്ക്കെതിരെ കേസെടുത്തു
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്ക്കെതിരെ കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ഇത്. രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു സുരേഷ് ഗോപി തോളിൽ സ്പര്ശിച്ചുകൊണ്ട് മറുപടി പറഞ്ഞത്. ആ സമയത്തു തന്നെ കൈ തട്ടി മാറ്റി എന്നും സംഭവം തനിക്ക് മാനസിക പ്രശ്നമുണ്ടാക്കിയെന്നും അവർ പറഞ്ഞു.
‘‘തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു അദ്ദേഹം മോളെ എന്നു വിളിക്കുകയും തോളിൽ തഴുകുകയും ചെയ്തത്. ആ സമയത്ത് എനിക്കു പെട്ടെന്ന് ഷോക്കായി പോയി. എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല. അദ്ദേഹത്തിന്റെ കൈ എടുത്തു മാറ്റാൻ വേണ്ടിയാണ് ഞാൻ പിന്നിലേക്കു വലിഞ്ഞത്. ഞാൻ മാധ്യമപ്രവർത്തകയായതിനാൽ എനിക്കതിൽ തുടർ ചോദ്യങ്ങളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വീണ്ടും അദ്ദേഹത്തോട് ചോദ്യം ചോദിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു. സുരേഷ് ഗോപി എന്റെ തോളിൽ കൈവച്ചത് എനിക്ക് സഹിക്കാൻ പറ്റുന്ന ഒരു കാര്യമായിരുന്നില്ല. എനിക്കത് കംഫർട്ട് ആയിരുന്നില്ല. ഞാൻ പോയിരിക്കുന്നത് സുരേഷ് ഗോപി എന്ന രാഷ്ട്രീയ നേതാവിനോട് ചോദ്യം ചോദിക്കാനാണ്. അല്ലാതെ മറ്റൊരു സൗഹൃദ സംഭാഷണത്തിനല്ല.’’– മാധ്യമപ്രവർത്തക പറഞ്ഞു.
സംഭവം മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും അവർ കൂട്ടിച്ചേർത്തു. ‘‘പലതവണ ആലോചിച്ചപ്പോഴും ഇതൊരു ശരിയായ പ്രവണത അല്ലെന്നു തന്നെയാണ് എനിക്കു തോന്നിയത്. മുൻപും പല മാധ്യമപ്രവർത്തകരും ഇത്തരം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ആ പ്രശ്നത്തെ ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ ഞാൻ അഭിസംബോധന ചെയ്യേണ്ടതുണ്ട്. 15 വർഷത്തിനു മുകളിലായി ഈ മേഖലയിൽ നിൽക്കുന്ന ആളാണ് ഞാൻ. അതിന്റെ അടിസ്ഥാനത്തിൽ നിയമനടപടിക്കു പോകും.’’– അവർ പറഞ്ഞു.