ഇസ്രായേൽ ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടതായി റിപ്പോർട്ട്
ഗാസ: ഇസ്രായേൽ ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടതായി റിപ്പോർട്ട്. ഗാസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.മധ്യ ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. വീട് വിട്ട ആയിരങ്ങൾ ആശുപത്രി സുരക്ഷിതമെന്ന് കരുതി അവിടെ അഭയം തേടിയിരുന്നു. ഇത് മരണസംഖ്യ ഉയരാൻ ഇടയാക്കി.
ചുരുങ്ങിയത് 4000 അഭയാർത്ഥികൾ എങ്കിലും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടർ ബിബിസിയോട് പ്രതികരിച്ചു. ആശുപത്രി ഏതാണ്ട് പൂർണ്ണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി പലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹമൂദ് അബ്ബാസ് അറിയിച്ചു. അതേസമയം, എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുന്നുവെന്ന് ഇസ്രയേൽ സൈനിക വക്താവ് പ്രതികരിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.