19ാമത് ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഹാങ്ചൗവില്‍ ഇന്ന് തിരിതെളിയും
ഹാങ്ചൗ: 19ാമത് ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഹാങ്ചൗവില്‍ ഇന്ന് തിരിതെളിയും. ബിഗ് ലോട്ടസ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകിട്ട് 5.30ന് ഡിജിറ്റല്‍ ദീപശിഖ തെളിയുന്നതോടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തുടക്കമാകുക. 655 അംഗ ജംബോ സംഘത്തെയാണ് ഇന്ത്യ ഇക്കുറി ഏഷ്യന്‍ ഗെയിംസിന് അയച്ചിരിക്കുന്നത്. ഇത് ഏഷ്യാഡ് ചരിത്രത്തില്‍ ഇന്ത്യയുടെ എക്കാലത്തേയും വലിയ സംഘമാണ്. 39 മത്സരയിനങ്ങളില്‍ ഇന്ത്യ മാറ്റുരയ്ക്കും.
കൂടുതല്‍ മെഡലുകള്‍ നേടിത്തരാറുള്ള അത്ലറ്റിക്സില് ഇന്ത്യന്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര, ഡയമണ്ട് ലീഗ് ഫൈനല്‍സിന് യോഗ്യത നേടിയ മലയാളി എം ശ്രീശങ്കര്‍, സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാംബ്ലെ തുടങ്ങി നിരവധി മിന്നും താരങ്ങള്‍ ഇക്കുറി അണിനിരക്കുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ പുരുഷ ഹോക്കി ടീമിന്റെ നായകന് ഹര്‍മന്‍പ്രീത് സിങ്ങും ഒളിമ്പിക് മെഡല്‍ ജേതാവായ ബോക്സിങ് താരം ലവ്ലിന ബൊര്‍ഗോഹെയ്നും ഇന്ത്യന്‍ പതാകയേന്തും. 2022ല്‍ നടക്കേണ്ടിയിരുന്ന ഗെയിംസ് കോവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു.
ഔദ്യോഗികമായ ഉദ്ഘാടനത്തിന് രണ്ട് ദിവസം മുമ്പേ ഫുട്ബോള്‍, വോളിബോള്‍, വനിതാ ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങള്‍ ആരംഭിച്ചിരുന്നു. 2024ല്‍ പാരീസിലെ ഒളിമ്പിക് യോഗ്യത നേടാനുള്ള സുവര്‍ണാവസരം കൂടിയാണ് നിരവധി താരങ്ങള്‍ക്ക് കൈവരുന്നത്. അമ്പെയ്ത്ത്, ബോക്സിങ്, ഹോക്കി, ടെന്നീസ്, ആര്‍ട്ടിസ്റ്റിക് നീന്തല്‍, വാട്ടര്‍ പോളോ, സെയ്ലിങ്ങ്, മോഡേണ്‍ പെന്റാത്ലോണ്‍ തുടങ്ങിയ ഇനങ്ങളില്‍ ഒളിമ്പിക് യോഗ്യത നേടാന്‍ കൂടി അവസരമുണ്ട്.