14 ദിവസം നീണ്ട രാത്രിക്ക് ശേഷം ചന്ദ്രനിൽ സൂര്യൻ ഉദിച്ചതോടെ ചാന്ദ്ര പര്യവേക്ഷണത്തിന് ശേഷം നിദ്രയിലായ ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം
ബെംഗളൂരു: 14 ദിവസം നീണ്ട രാത്രിക്ക് ശേഷം ചന്ദ്രനിൽ സൂര്യൻ ഉദിച്ചതോടെ ചാന്ദ്ര പര്യവേക്ഷണത്തിന് ശേഷം നിദ്രയിലായ ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം വീണ്ടും പ്രവർത്തന സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് ഐ.എസ്.ആർ.ഒ. ചന്ദ്രനിൽ രാത്രിയായതോടെ ലാൻഡറും റോവറും നിദ്രയിലാണ് (സ്‌ലീപിങ് മോഡ്). സെപ്റ്റംബർ 22ന് ഇവ വീണ്ടും പ്രവർത്തന സജ്ജമാകുമെന്നാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. വീണ്ടും പ്രവർത്തിച്ചാൽ ഐഎസ്ആർഒയുടെ സാങ്കേതികവിദ്യയുടെ കൂടി വിജയമാകുമത്.
സൂര്യപ്രകാശം ലഭിക്കുന്നതോടെ സോളർ പാനലിന്റെ സഹായത്തോടെ ലാൻഡറിലും റോവറിലുമുള്ള ബാറ്ററികൾ ചാർജ് ചെയ്യാനാവും. ഇതിനുശേഷം പ്രവർത്തന സജ്ജമാവുകയാണെങ്കിൽ ചന്ദ്രന്‍റെ മണ്ണിൽ വീണ്ടും 14 ദിവസം കൂടി പര്യവേക്ഷണം നടത്താൻ ലാൻഡറിനും റോവറിനും സാധിക്കും. താപനില മൈനസ് 200 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള ചാന്ദ്രരാത്രികളെ അതിജീവിക്കാൻ സാധിക്കില്ലെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ, ചന്ദ്രയാനിലെ ലാൻഡറും റോവറും വീണ്ടും പ്രവര്‍ത്തന സജ്ജമായാൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടമാകും.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാന്‍ഡ് ചെയ്യാനുള്ള റഷ്യൻ ദൗത്യം ലൂണ–25 ഓഗസ്റ്റ് 19ന് തകർന്നു വീണിരുന്നു. ഒരുവർഷം നീളുന്ന ദൗത്യമായിരുന്നു റഷ്യ രൂപകൽപന ചെയ്തത്. എന്നാൽ പരാജയപ്പെടുകയായിരുന്നു. 14 ഭൗമദിനങ്ങൾ അഥവാ ഒരു ചാന്ദ്രദിനമാണ് ചന്ദ്രയാന്റെ ദൗത്യകാലാവധിയായി ഐഎസ്ആർഒ നിശ്ചയിച്ചിരുന്നത്. അത് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ ലഭിച്ച ഡേറ്റകളും മറ്റും ഐഎസ്ആർഒ പഠിക്കുകയാണ്.
ഓഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തമായിരുന്നു. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കു ശേഷം ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.