നിപ സംശയം സമ്പർക്കത്തിലുള്ളത് എഴുപത്തിയഞ്ച് പേർ പരിശോധനാ ഫലം വൈകിട്ട്
Old picture നിപ സംശയം സമ്പർക്കത്തിലുള്ളത് എഴുപത്തിയഞ്ച് പേർ പരിശോധനാ ഫലം വൈകിട്ട്
നിപ സംശയിക്കുന്ന ആളുകളുമായി സമ്പർക്കത്തിലുള്ളത് ഏഴുപത്തിയഞ്ച് പേരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാവരും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരാണ്. മരിച്ചയാളുകളുടെ യാത്രാവിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
ലക്ഷണങ്ങളുമായി കോഴിക്കോട് ചികിത്സയിലുള്ളത് നാല് പേരാണെന്ന് മന്ത്രി അറിയിച്ചു. ഇതിൽ ഒമ്പതുകാരന്റെയും നാല് വയസുകാരന്റെയും ആരോഗ്യനില അതീവ ഗുരുതരമാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു.മരിച്ച ഒരാളുടേതടക്കമുള്ള സാമ്പിളുകൾ പരിശോധനയ്ക്കായി ഇന്നലെ രാത്രിയിലാണ് പൂനെയിലേക്ക് അയച്ചത്. വൈകിട്ടോടെ ഫലം വരുമെന്ന് മന്ത്രി അറിയിച്ചു. നിപ അവലോക യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി 16 ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. കൺട്രോൾ റൂം തുറക്കും. സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള നടപടികൾ ഇന്നലെ തന്നെ ആരംഭിച്ചിട്ടുണ്ട്. അത്യാവശ്യങ്ങൾക്ക് മാത്രം ആശുപത്രികൾ സന്ദർക്കുക. രോഗികളെ കാണാനും മറ്റും ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കണമെന്നും, വ്യാജ വാർത്തകർ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു