പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്

Spread the love

ഒരുക്കങ്ങൾ പൂർണം; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്

ഒരുക്കങ്ങൾ പൂർണസജ്ജം, പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്നു( സെപ്റ്റംബർ 8) നടക്കും.

രാവിലെ എട്ടുമണിമുതൽ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രത്തിലാണ് വോട്ടെണ്ണൽ.

രാവിലെ ഏഴരയോടെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള ബസേലിയോസ് കോളജിലെ സ്ട്രോങ് റൂം തുറക്കും.

എട്ടുമണിയോടെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി.

 

മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ളത്. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിൽ 13 റൗണ്ടുകളായാണ് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുക. തുടർന്ന് റാൻഡമൈസ് ചെയ്തു തെരഞ്ഞെടുക്കുന്ന അഞ്ചു വി.വി. പാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ
എണ്ണും. ആകെ 20 മേശകളിലായി 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *