അമ്പിളിയെ തൊട്ടു; അഭിമാന നെറുകയില്‍ രാജ്യം

Spread the love

അമ്പിളിയെ തൊട്ടു; അഭിമാന നെറുകയില്‍ രാജ്യം

 

രാജ്യത്തെ 140 കോടി ജനങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷയും സഫലം. ഇതാ, ആ ചരിത്ര നിമിഷം പിറന്നിരിക്കുന്നു. അമ്പിളിയുടെ ഹൃദയത്തില്‍ ഇന്ത്യയുടെ മൃദുസ്പര്‍ശനം. രാജ്യത്തിന്റെ അഭിമാനം ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തി ചന്ദ്രയാന്‍ 3ന്റെ സോഫ്റ്റ് ലാന്‍ഡിങ്. വൈകിട്ട് 6.04നായിരുന്നു ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയത്. ഇതോടെ ചാന്ദ്ര രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ യാത്ര ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്.

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന രാജ്യമായിരിക്കുകയാണ് ഇന്ത്യ. പുറമെ, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും രാജ്യത്തെ തേടിയെത്തി.
വിക്രം എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുന്നതിനുള്ള നടപടികള്‍ ഇന്ന് വൈകിട്ട് 5.45നാണ് ആരംഭിച്ചത്. ബെംഗളൂരു പീനിയയിലെ ഐ എസ് ആര്‍ ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപറേഷന്‍ കോംപ്ലക്‌സില്‍ നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കിയത്.ദക്ഷിണ ധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയസ്-എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ലാന്‍ഡര്‍ ഇറങ്ങിയത്. 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് എവിടെ വേണമെങ്കിലും ഇറങ്ങാന്‍ സാധിക്കും വിധമാണ് ലാന്‍ഡര്‍ ക്രമീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *