വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം സുജിതയുടെത് തന്നെ; ശ്വാസം മുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി കുഴിച്ചിട്ടു; ആഭരണങ്ങള്‍ മുറിച്ചെടുത്തു; അഞ്ച് പേര്‍ പിടിയില്‍
മലപ്പുറം: തുവ്വൂരില്‍ വീട്ടു വളപ്പില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേതെന്ന് സ്ഥിരീകരിച്ച് പോലീസ്. തുവ്വൂര്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയും പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യയുമായ സുജിത (35) യെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിഷ്ണു എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സുജിതയെ വീട്ടില്‍ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു വിഷ്ണു മൊഴി നല്‍കി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും സുഹൃത്തിന്റേയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നും വിഷ്ണുവിന്റെ മൊഴിയില്‍ പറയുന്നു. കേസില്‍ വിഷ്ണുവടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിന്റെ അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് പിടിയിലായത്.
യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കട്ടര്‍ ഉപയോഗിച്ചു മുറിച്ചെടുത്തു. ആഭരണങ്ങള്‍ വില്‍ക്കാനും ശ്രമിച്ചു.