സുര്‍ജീത് ഭവനിലെ പാര്‍ട്ടി ക്ലാസ് വിലക്കിയ ദില്ലി പൊലീസ് നടപടിയെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
സുര്‍ജീത് ഭവനിലെ പാര്‍ട്ടി ക്ലാസ് വിലക്കിയ ദില്ലി പൊലീസ് നടപടിയെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി ക്ലാസുകളിലും പാര്‍ട്ടി മന്ദിരത്തിലും എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ പൊലീസിന് അധികാരമില്ലെന്നും വിഷയത്തില്‍ നിയമപരമായി ഇടപെടുമെന്നും യെച്ചൂരി പറഞ്ഞു.
സിപിഐഎം പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവനിലെ സെമിനാര്‍ കഴിഞ്ഞ ദിവസം ദില്ലി പൊലീസ് തടഞ്ഞിരുന്നു. ജി ട്വന്റി ക്ക് എതിരായി വീ 20 എന്ന പരിപാടി നടക്കുന്നതിനെതിരെയായിരുന്നു നടപടി. സെമിനാറില്‍ പങ്കെടുക്കാനെത്തിയവരെ അടക്കം ആരെയും അകത്തേക്ക് കടത്തിവിടാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് സുര്‍ജിത് ഭവന് മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും, പങ്കെടുക്കാനെത്തിയവരോട് പൊലീസ് പ്രകോപനപരമായി പെരുമാറുകയും ചെയ്തിരുന്നു. കൈരളി ന്യൂസിന്‍റെ ഓഫീസ് കൂടിയായ സുര്‍ജിത് ഭവനില്‍ മാധ്യമപ്രവര്‍ത്തകരെയും വിലക്കിയിരുന്നു.