ഏകീകൃത കുര്‍ബാന.നാലു വൈദികരെ സ്ഥലം മാറ്റി മൂന്നു വൈദികരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  

Spread the love

ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത സംഭവത്തില്‍ നടപടി ആരംഭിച്ചു. ആദ്യപടിയായി നാലു വൈദികരെ സ്ഥലം മാറ്റി. തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കിയവര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് വൈദികര്‍ സിനഡ് യോഗം നടക്കുന്ന സെന്റ് തോമസ് മൗണ്ടിലേക്ക് പ്രതിഷേധവുമായെത്തി. ഇവരില്‍ മൂന്നു വൈദികരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 

ഇന്നലെ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് 12 വൈദികര്‍ക്ക് മാര്‍ സിറില്‍ വാസില്‍ കത്തു നല്‍കിയിരുന്നു. മാര്‍ സിറില്‍ വാസിലുമായി ചര്‍ച്ചയ്ക്ക് അതിരൂപത വൈദികര്‍ തിരഞ്ഞെടുത്ത 12 അംഗ അഡ്ഹോക് കമ്മിറ്റി അംഗങ്ങള്‍ക്കാണ് കത്ത് നല്‍കിയത്.

 

 

അതിരൂപതയിലെ പള്ളികളില്‍ ഉടന്‍ ഏകീകൃത കുര്‍ബാന ആരംഭിക്കണമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും വൈദികര്‍ക്ക് മാര്‍പാപ്പയുടെ പ്രതിനിധി താക്കീത് നല്‍കി. എന്നാല്‍, എല്ലാവരും കത്ത് കൈപ്പറ്റിയിട്ടില്ല. പേപ്പല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ നാളെ വത്തിക്കാനിലേക്ക് മടങ്ങുന്നതിന് മുന്നോടിയാണ് കത്ത് കൈമാറിയത്.

ഓഗസ്റ്റ് 20 മുതല്‍ അതിരൂപതയില്‍ സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാന അര്‍പ്പണം നിര്‍ബന്ധമാക്കി മാര്‍ സിറില്‍ വാസില്‍ കല്‍പ്പന പുറപ്പെടുവിച്ചിരുന്നു. അതിരൂപതയിലെ 328 പള്ളികളില്‍ ചുരുക്കം ചിലയിടത്തു മാത്രമാണ് ഞായറാഴ്ച സിനഡ് കുര്‍ബാന അര്‍പ്പിച്ചത്. കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട് മാര്‍പാപ്പയുടെ പ്രതിനിധിയുടെ നിര്‍ദേശം നടപ്പിലാക്കിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തേ നല്‍കിയിരുന്നു.

എന്നാല്‍, ഇത് തള്ളിക്കളഞ്ഞ വൈദികര്‍ ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു. മാര്‍പാപ്പ നേരിട്ട് നിയോഗിച്ച വ്യക്തിയായതിനാല്‍ പേപ്പല്‍ ഡെലിഗേറ്റ് എടുക്കുന്ന തീരുമാനങ്ങള്‍ മാര്‍പാപ്പയുടെ നിര്‍ദേശങ്ങളായാണ് കാണുന്നത്. ഇത് അംഗീകരിക്കാത്തത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് വിലയിരുത്തുന്നതും. ഈ സാഹചര്യത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *