പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പുതുപ്പള്ളിയിൽ ആകെ വോട്ടർമാർ 1,76,412 പേരാണുള്ളത്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീവോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
2023 ജൂലൈ ഒന്നിന് 18 വയസു തികഞ്ഞവരെ ഉൾപ്പെടുത്തിയാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. 2023 ഓഗസ്റ്റ് 10 വരെ ലഭിച്ച അപേക്ഷകളിൽ ഓഗസ്റ്റ് 17 വരെ നടപടികൾ പൂർത്തീകരിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളത്. ആകെ 957 പുതിയ വോട്ടർമാരുണ്ട്. മണ്ഡലം മാറിവന്ന 100 വോട്ടർമാർ കൂടി പട്ടികയിലുണ്ട്. 90277 വോട്ടുകൾ ഉള്ള സ്ത്രീ വോട്ടർമാരാണ് മണ്ഡലത്തിൽ ഭൂരിപക്ഷം. 86,131 പുരുഷ വോട്ടർമാരും മണ്ഡലത്തിലുണ്ട്.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെട്ട- 4 പേർക്കും വോട്ടുണ്ട്. 50-59 ഇടയിൽ പ്രായമുള്ള 20.08 ശതമാനം വോട്ടർമാരാണ് ഏറ്റവും കൂടുതൽ,. 90-99 നും ഇടയിൽ പ്രായമുള്ളവർ- 0.52 % പേരുമുണ്ട്. 20-29 നും ഇടയിൽ പ്രായമുള്ളവർ- 14.80 % പേരും 30-39 നും ഇടയിൽ പ്രായമുള്ളവർ- 16.83 % പേരുമുണ്ട്. തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതിനാൽ വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയ നിരവധി പുതിയ വോട്ടർമാരുമുണ്ട്.