കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ
കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആയിരുന്ന അബ്ദുൾ ഹക്കീമിനെയാണ് തൃശ്ശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. ബിൽഡിങ് പെർമിറ്റിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി ആയിരുന്ന അബ്ദുൾ ഹക്കീമിനെയാണ് 10,000/- രൂപ കൈക്കൂലി വാങ്ങിയ കേസിൽ തൃശ്ശൂർ വിജിലൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. രണ്ടു വകുപ്പുകളിൽ ആയി മൂന്നുവർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ വീതം ആകെ രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കഠിന തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നു വിജിലന്‍സ് കോടതി ജഡ്ജി ജി അനിൽ പുറപ്പെടുവിച്ച വിധി ന്യായത്തിൽ പറയുന്നു. അതേസമയം പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും.