മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് വിഫലം. തിരുവനന്തപുരം പള്ളിക്കലില്‍ ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് വിഫലം. തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ സിദ്ദിഖിന്റെയും മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെയായിരുന്നു ഭാര്യ നൗഫിയുടെ മൃതദേഹം കാണാതായ ഭാഗത്തുനിന്ന് മാറി താഴ്ചയിലുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണിപ്പോൾ സിദ്ധിഖിന്റെയും മൃതദേഹം ലഭിക്കുന്നത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരെയും ജീവനറ്റ നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടാണ് പള്ളിക്കലിൽ കടയ്ക്കൽ സ്വദേശികളായ ദമ്പതികളും ബന്ധുവും പുഴയിൽ വീണത്. ദമ്പതികളെ രക്ഷിക്കാനായി പുഴയിൽ ഇറങ്ങിയ ബന്ധു അൻസിൽ സംഭവദിവസം തന്നെ മരിച്ചിരുന്നു. അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികൾ. വിരുന്നിന് ശേഷം മൂവരും സമീപത്തെ പുഴയിൽ ഫോട്ടോ എടുക്കാനായി പോയി. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെറ്റി ദമ്പതികൾ പുഴയിൽ വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അൻസിലും പുഴയിലേക്ക് വീണു. പിന്നീട് നടത്തിയ തെരച്ചിലിലാണ് അൻസിലിനെ കണ്ടെത്തിയത്. പാരിപ്പിള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. . ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം.