“മഹാത്മാഗാന്ധിയുടെ മണ്ണാണിത്” , സാദിഖ് അലി ശിഹാബ് തങ്ങൾ
മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താൻ അധികാരമില്ലെന്ന് പ്രസ്താവനയുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. മണിപ്പൂർ കലാപത്തിൽ നടപടിയാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടയിലെ വിദ്വേഷ മുദ്രാവാക്യം ഉയർന്ന സംഭവം വിവാദമായ സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതികരണം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
” നമുക്കൊരു സംസ്‌കാരമുണ്ട്. വ്യക്തിത്വമുണ്ട്. അഭിമാനകരമായ ചരിത്രവും പാരമ്പര്യവുമുണ്ട്. എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത നാം തെരഞ്ഞെടുത്തിട്ടില്ല. അത് ശരിയുമല്ല.
ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവർത്തകർ എന്ന നിലക്കും ഓരോരുത്തർക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താൻ നമുക്ക് അധികാരമില്ല. സാമൂഹിക സഹവർത്തിത്വമാണ് വളർച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോൾ എല്ലാവർക്കും നഷ്ടം സംഭവിക്കും.
ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവർത്തകർ എന്ന നിലക്കും ഓരോരുത്തർക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താൻ നമുക്ക് അധികാരമില്ല. സാമൂഹിക സഹവർത്തിത്വമാണ് വളർച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോൾ എല്ലാവർക്കും നഷ്ടം സംഭവിക്കും.
വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ആരെയും ദ്രോഹിക്കാതിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ പ്രത്യേകതയാവണം. വാക്കിലും പ്രവർത്തിയിലും അടുക്കും ചിട്ടയും വേണം. സംഘടനാ പ്രവർത്തകർ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉൾക്കൊള്ളണം. പ്രവർത്തികളിൽ അത് തെളിഞ്ഞു കാണണം. നേതൃത്വത്തെ അനുസരിക്കണം. വ്യക്തിത്വം പുലർത്തണം.
ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവർ മൂഢസ്വർഗ്ഗത്തിലാണ്. സാമ്രാജ്യത്വ ഹിംസയെ അഹിംസ കൊണ്ട് നേരിട്ട് തോൽപിച്ച മഹാത്മാഗാന്ധിയുടെ മണ്ണാണിത്. വിദ്വേഷത്തിന്റെ വിഷച്ചെടികൾ കേരളത്തിന്റെ മണ്ണിൽ വളരാത്തതിന് കാരണം നമ്മുടെ സ്‌നേഹവും സഹവർത്തിത്വവുമാണ്. എന്ന് അതില്ലാതാകുന്നോ അന്ന് നാം വലിയ അപകടങ്ങളിലേക്ക് കൂപ്പുകുത്തും.
ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്‌ലിംലീഗിന്റെ ചരിത്രം ആർക്കും മറിച്ചുനോക്കാവുന്ന തുറന്ന പുസ്തകമാണ്. രാജ്യത്തെ ഏതൊരാൾക്കും അതെടുത്ത് വായിക്കാം. അതിൽ ദുരൂഹതകളില്ല. ദുർഗ്രാഹ്യതകളില്ല. മുസ്‌ലിംലീഗിന്റെ ആശയം സുതാര്യവും ലളിതവുമാണെന്ന കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. മതേതര ഇന്ത്യയിലെ ചരിത്രബോധമുള്ള ഏവർക്കും അറിവുള്ള ഒന്നാണ്. ആ നയം നാം അഭംഗുരം തുടരുക തന്നെ ചെയ്യും.
സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ
പാണക്കാട് “
സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ
പാണക്കാട് “