പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി
പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി. നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന നൗഷാദിന്റെ തിരോധാനം അന്വേഷിച്ചിരുന്ന പൊലീസിന് മൊഴിനല്‍കിയിരുന്നു. ഇവരുടെ മൊഴി കണക്കിലെടുത്തു നിരവധി ഇടങ്ങളില്‍ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അഫ്സാനയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി മൊഴിനല്‍കുകയും ചെയ്‌തെന്നാണ് പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. മൃതദേഹം ആറ്റിലെറിഞ്ഞെന്നും അവര്‍ മൊഴി മാറ്റിപ്പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയത്.
ഭാര്യ അഫ്സാനയെ ഭയന്നാണ് നാടുവിട്ടതെന്ന് ഒന്നര വര്‍ഷത്തിനു ശേഷം പോലീസ് കണ്ടെത്തിയപ്പോള്‍ നൗഷാദ് പറഞ്ഞു. തൊടുപുഴയിലെ തൊമ്മന്‍കുത്ത് എന്ന സ്ഥലത്താണ് കഴിഞ്ഞ ഒന്നര വര്‍ഷമായി നൗഷാദ് താമസിച്ചിരുന്നത്. അവിടെ കൂലിവേലചെയ്തായിരുന്നു ഉപജീവനം. തന്നേത്തേടിയുള്ള അന്വേഷണങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് നൗഷാദ് പറഞ്ഞു. ഭാര്യയുമായി ചില വഴക്കുകളൊക്കെ ഉണ്ടായിരുന്നു. പേടിച്ചിട്ടാണ് ഭാര്യയുടെ അടുത്തുനിന്ന് പോന്നതെന്നും അപായപ്പെടുത്തുമെന്ന് പേടിയുണ്ടെന്നും നൗഷാദ് പറഞ്ഞു.
നൗഷാദ് സ്ഥലത്ത് ഉള്ളതായി ഇയാള്‍ താമസിച്ചിരുന്ന പ്രദേശത്തെ ചിലര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഇയാളേക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പ്രദേശവാസിയായ ജയ്മോന്‍ എന്ന പോലീസുകാരന്‍ സ്ഥലത്തെത്തുകയും നൗഷാദുമായി സംസാരിക്കുകയും ചെയ്തു. വീട്ടില്‍നിന്ന് കാണാതായതിന് കേസുള്ളതോ ഭാര്യ തന്നെ കുഴിച്ചുമൂടിയെന്ന് പോലീസില്‍ മൊഴി നല്‍കിയതോ ഒന്നും നൗഷാദ് അറിഞ്ഞിരുന്നില്ല.
ഒന്നരവര്‍ഷമായി വീട്ടുകാരുമായോ ഭാര്യയുമായോ ബന്ധപ്പെട്ടിരുന്നില്ല. ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നെന്നും നൗഷാദ് പറഞ്ഞു. ഭാര്യയുടെ അടുത്തേക്ക് പോകാന്‍ താല്‍പര്യമില്ലെന്നാണ് നൗഷാദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് ഭാര്യ തന്നെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായുള്ള മൊഴി പോലീസിന് നല്‍കിയതെന്ന് അറിയില്ലെന്നും നൗഷാദ് പറഞ്ഞു.