പൊലീസ് നടപടി കടവന്ത്ര ബാറിലെ ആക്രണത്തിന്റെ പശ്ചാത്തലത്തിൽ
കൊച്ചി നഗരത്തിൽ ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം. സിറ്റി പൊലീസിന്റേതാണ് നടപടി. കടവന്ത്രയിലെ ബാറില്‍ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. രാത്രി പത്ത് മണിക്ക് ശേഷം ബാറുകളില്‍ ഡിജെ പാര്‍ട്ടികള്‍ നടത്തരുതെന്ന് ബാര്‍ ഉടമകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി.
ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്നറിയാൻ ബാറുകളിൽ പൊലീസ് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.നിര്‍ദേശിച്ച സമയത്തിനപ്പുറം ബാറുകളില്‍ പാര്‍ട്ടികള്‍ നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്നാണ് സിറ്റി പൊലീസ് അറിയിച്ചിരിക്കുന്നത്. അഞ്ച് മിനിറ്റിനകം എത്തിച്ചേരാന്‍ കഴിയുന്ന തരത്തില്‍ നഗരത്തില്‍ പൊലീസ് വിന്യാസം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.
നഗരത്തിലെ ബാറുകളില്‍ അടക്കം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ ദിവസം കടവന്ത്ര ഒലിവ് ഡൗണ്‍ ടൗണ്‍ ബാറില്‍ സംഘര്‍ഷത്തിനിടെ ബാര്‍ മാനേജര്‍ക്ക് കുത്തേറ്റിരുന്നു. ഫുഡ് ആന്‍ഡ് ബീവറേജ്സ് മാനേജര്‍ റോണിക്ക് ആണ് കുത്തേറ്റത്. ബാറില്‍ മദ്യപിക്കാനെത്തിയവര്‍ സംഘര്‍ഷത്തിനിടെ ബിയര്‍ കുപ്പി പൊട്ടിച്ച് മാനേജരെ കുത്തുകയായിരുന്നു. അക്രമികളില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഡിജെ പാര്‍ട്ടിക്ക് വന്നവരാണ് അക്രമം നടത്തിയത്.