എം.ജി സർവകലാശാലാ ബിരുദ പ്രവേശനം; ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
എം.ജി സർവകലാശാലാ ബിരുദ പ്രവേശനം; ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിൻറെ ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് ലഭിച്ചവർ നിശ്ചിത സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് പ്രവേശനം ഉറപ്പാക്കണം.
താത്കാലിക പ്രവേശനത്തിനായി കോളജുകളിൽ ഹാജരാകേണ്ടതില്ല. സ്ഥിര പ്രവേശനം നേടുന്നവർ കോളജുകളിൽ നേരിട്ടെത്തി ട്യൂഷൻ ഫീസ് അടച്ച് പ്രവേശനം നേടണം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചവർ സ്ഥിര പ്രവേശനം എടുക്കണം. ഇവർക്ക് താത്കാലിക പ്രവേശനത്തിന് ക്രമീകരണമില്ല.
താത്കാലിക പ്രവേശനം എടുക്കുന്നവർ ഓൺലൈനിൽ ഫീസ് അടച്ചശേഷം ലഭിക്കുന്ന അലോട്ട്മെൻറ് മെമ്മോ ഓഗസ്റ്റ് എട്ടിനു മുൻപ് കോളജുകളിലേക്ക് ഇമെയിലിൽ അയച്ചാണ് പ്രവേശനം സ്ഥിരീകരിക്കേണ്ടത്. പ്രവേശനം ഉറപ്പാക്കിയതിൻറെ തെളിവായി കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. പ്രവേശനവുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ സമർപ്പിക്കുന്നതിന് കൺഫർമേഷൻ സ്ലിപ്പ് ആവശ്യമാണ്.
ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം നാലിനു മുൻപ് സർവകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം പ്രവേശനം ഉറപ്പാക്കത്തവരുടെയും അലോട്ട്മെൻറ് റദ്ദാകും.