ഹണി ട്രാപ്പിൽപ്പെടുത്തിയത് സർകലാശാല മുൻ ജീവനക്കാരനെ
ഹണിട്രാപ്പിലൂടെ പണം തട്ടിയ കേസിൽ യുവതിയും ആൺസുഹൃത്തും പിടിയിൽ. അഭിഭാഷകയും, സീരിയൽ താരവുമായ നിത്യ, സുഹൃത്ത് ബിനു എന്നിവരാണ് പൊലീസ് പിടിയിലായത്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ് 32 വയസുളള നിത്യ, ബിനു പരവൂർ കലയ്ക്കോട് സ്വദേശിയും. പരവൂർ പൊലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന മുൻ സൈനികനും കേരള സർവ്വകലാശാല ജീവനക്കാരനുമായിരുന്ന 75 കാരനാണ് ഇവരുടെ ചതിക്കുഴിയിൽപ്പെട്ടത്
പരവൂർ സ്വദേശിയായ വയോധികനെ കബളിപ്പിച്ചാണ് ഇവർ 11 ലക്ഷം രൂപ കൈക്കലാക്കിയത്. കഴിഞ്ഞ മെയ് 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട് വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരനായ വീട്ടുടമയെ നിത്യ ഫോണിലൂടെ ബന്ധപ്പെടുന്നത്. പിന്നീട് ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
പിന്നീട് ഇയാളെ കാണാൻ വീട്ടിലെത്തിയ നിത്യ മോശമായി പെരുമാറുകയും, വസ്ത്രങ്ങൾ അഴിപ്പിച്ച് ചിത്രമെടുക്കുകയും ചെയ്തുവെന്ന് പരാതിക്കാരൻ പറയുന്നു. നിത്യയോടൊപ്പം വന്ന സുഹൃത്ത് ബിനുവാണ് നഗ്ന ചിത്രങ്ങൾ പകർത്തിയത്. പിന്നീട് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
തുടർച്ചയായി ഭീഷണിപ്പെടുത്തിയതോടെ 11 ലക്ഷം രൂപ ഇയാൾ പ്രതികൾക്ക് നൽകി. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഇയാൾ പരാതിയുമായി പരവൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നിത്യയേയും, ബിനുവിനേയും പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.