ഭീഷണിപ്പെടുത്തി യുവരാജിന്റെ അമ്മയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; യുവതി പിടിയില്‍
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ അമ്മ ശബ്നം സിംഗില്‍നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. ഹേമ കൗശിക് എന്ന ഡിംബിയെയാണ് ശബ്നം സിംഗിന്റെ പരാതിയില്‍ ഗുരുഗ്രാം പൊലീസ് പിടികൂടിയത്. യുവരാജിന്റെ അസുഖബാധിതനായ സഹോദരനെ പരിചരിക്കാനെത്തിയ യുവതി, ക്രിക്കറ്റ് താരത്തിന്റെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്.
2022ല്‍ യുവരാജിന്റെ സഹോദരന് സൊര്വാര് സിംഗിനെ പരിചരിക്കാനായാണ് ഹേമയെ ശബ്നം സിംഗ് വീട്ടില്‍നിര്‍ത്തിയിരുന്നത്. ജോലിയില്‍ തൃപ്തരല്ലാത്തതിനാല്‍ 20 ദിവസത്തിന് ശേഷം യുവതിയെ ശബ്നം സിംഗ് പറഞ്ഞുവിട്ടു. ഇതിനുപിന്നാലെയാണ് യുവതി ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
തനിക്ക് 40 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ യുവരാജിന്റെ സഹോദരനെതിരേ കള്ളക്കേസ് നല്‍കുമെന്നും കുടുംബത്തെ നാണംകെടുത്തുമെന്നുമായിരുന്നു യുവതിയുടെ ഭീഷണി. ഇതോടെ ശബ്നം സിംഗ് പൊലീസില്‍ പരാതി നല്കി.
തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശമനുസരിച്ച് 40 ലക്ഷം രൂപയില്‍ ആദ്യഘട്ടമായി അഞ്ചുലക്ഷം രൂപ നല്‍കാമെന്ന് യുവതിയെ അറിയിച്ചു. കഴിഞ്ഞദിവസം ഈ പണം കൈമാറുന്നതിനിടെയാണ് പൊലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.