ഞങ്ങള്‍ ഇന്ത്യന്‍ സിനിമാ താരങ്ങളാണ്; ഫെഫ്സിക്കെതിരെ റിയാസ് ഖാന്
തമിഴ് സിനിമയില്‍ തമിഴ് അഭിനേതാക്കള്‍ മാത്രം മതിയെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ച് നടന് റിയാസ് ഖാനും. ‘ഞങ്ങള്‍ ഇന്ത്യന്‍ സിനിമാ അഭിനേതാക്കളാണ്. നിരോധനം വന്നാല്‍, ഞാന്‍ എല്ലാ പടത്തിലും കയറി അഭിനയിക്കും’ എന്നാണ് റിയാസ് ഖാന് പറയുന്നത്.
‘ഷീല’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് റിയാസ് ഖാന് പ്രതികരിച്ചത്. ”ഞാന്‍ മലയാളിയാണ്. പഠിച്ചതും വളര്‍ന്നതും തമിഴ്നാട്ടിലാണ്. കല്യാണം കഴിച്ച പെണ്ണ് തമിഴ് ആണ്. ഞാന്‍ മുസ്ലീം ആണ് വൈഫ് ഹിന്ദു ആണ്. ഇപ്പോള്‍ ഞങ്ങള്‍ എന്ത് ചെയ്യണം. ഞാന്‍ ഭാര്യയെ വിട്ട് ഇവിടെ വന്ന് നില്‍ക്കണോ?”
”വൈഫ് തമിഴ്നാട്ടില്‍ നിന്നാല്‍ മതിയോ? അതൊന്നും നടക്കുന്ന കാര്യം അല്ല. അങ്ങനെ എങ്കില്‍ രജനികാന്ത് അഭിനയിക്കുന്ന ജയിലര്‍ എന്ത് ചെയ്യും. അതില്‍ മോഹന്‍ലാല്‍ സാര്‍ ഉണ്ട്. വേറെയും കുറേ അഭിനേതാക്കള്‍ ഉണ്ട്. ലിയോ എന്ത് ചെയ്യും? സഞ്ജയ് ദത്ത് ഇല്ലേ അതില്‍.”
”ഞങ്ങള്‍ വലിയൊരു ഫിലിം മേഖലയുടെ ഭാഗമാണ്. വലിയൊരു ഫാമിലി ആണത്. ഞങ്ങള്‍ ഇന്ത്യന്‍ സിനിമാ അഭിനേതാക്കള്‍ ആണ്. അങ്ങനെ നിരോധനം വന്നാല്‍, ഞാന്‍ എല്ലാ പടത്തിലും കയറി അഭിനയിക്കും” എന്നാണ് റിയാസ് ഖാന് പറയുന്നത്.
ഈയടുത്ത ദിവസമാണ് തമിഴ് സിനിമയില്‍ അന്യഭാഷാ താരങ്ങള്‍ വേണ്ട, തമിഴ് അഭിനേതാക്കള്‍ മാത്രം മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്സി തീരുമാനിച്ചത്. തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം നടത്തണമെന്നത് ഉള്‍പ്പെടെ മറ്റു ചില നിര്‍ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്.